sadas
കവിയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ് മാത്യു ടി. തോമസ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കവിയൂർ പഞ്ചായത്ത് വികസന പ്രവർത്തനത്തിന്റെ മാതൃകയാണെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. കവിയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം ജനങ്ങളുടെ അവകാശമാണെന്നും അത് രാഷ്ട്രീയത്തിന് അതീതമാണെന്ന് കവിയൂർ വികസനസദസ് തെളിയിക്കുന്നെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ റിപ്പോർട്ടായി അവതരിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാഥിതിയായി. കലാസാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, ആസൂത്രണസമിതി അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമ്മസേന, 25 വർഷം പൂർത്തീകരിച്ച അങ്കണവാടി ടീച്ചേഴ്സ്, പദ്ധതി പൂർത്തീകരിച്ച നിർവഹണ ഉദ്യോഗസ്ഥർ, 100ദിനം പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്‌ ബാബു കൂടത്തിൽ ആദരിച്ചു. ശ്രീരഞ്ജിനി എ.ഗോപി, വിനോദ് തോട്ടഭാഗം, ശ്രീകുമാരി രാധാകൃഷ്ണൻ, ജോസഫ് ജോൺ, ലിൻസി മോൻസി, അച്ചു സി.എൻ, സിന്ധു വി.എസ്, പ്രവീൺ ഗോപി, സിന്ധു വിജയകുമാർ, അനിതാ സജി, രാജശ്രീ കെ.ആർ, ശാന്തമ്മ ശശി, സാം കെ.സലാം, ടി.വി.മാത്യു എന്നിവർ സംസാരിച്ചു.