തിരുവല്ല : ഓതറ പഴയകാവിൽ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത് കിഴക്കനോതറയിൽ നിന്ന് കാണാതായ വ്യക്തിയുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. കാണാതായ 59 വയസുള്ള ഇയാളെക്കുറിച്ച് തിരുവല്ല പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഓതറ സി,എസ്.ഐ ഇക്കോ സ്പിരിച്വൽ സെന്ററ്റിനും പഴയകാവ്‌ ക്ഷേത്രത്തിനും ഇടയിലെ കാടുപിടിച്ച പറമ്പിലാണ് കഴിഞ്ഞ ദിവസം കുട്ടികൾ പന്ത് കളിക്കുന്നതിനിടെ അസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ട്. വലതുകൈയുടേതെന്ന് കരുതുന്ന എല്ലിൽ സ്റ്റീലിന്റെ കമ്പിയും കണ്ടിരുന്നു. ഡി.എൻ.എ പരിശോധനാഫലം കിട്ടിയാലേ അസ്ഥികൂടം ആരുടെതാണെന്ന് തിരിച്ചറിയാനാകൂ. തിരുവല്ല സി.ഐ കെ.എസ്. സുജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് സംഘവും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.