തിരുവല്ല: നഗരസഭാവളപ്പിൽ ഓഫീസ് കെട്ടിടത്തിന്റെ പിന്നിലായി അഞ്ചുവർഷം മുമ്പ് കരാറുകാരന് സ്ഥലം കൈമാറി നിർമ്മാണം തുടങ്ങിയ പബ്ലിക് ടോയ്‌ലെറ്റ് ഇപ്പോഴും പൂർത്തിയായിട്ടില്ല. കേന്ദ്രാവിഷ്കൃത ഫണ്ട് ഉൾപ്പെടെ 12ലക്ഷം രൂപ വകയിരുത്തി അസിസ്റ്റന്റ് എൻജിനിയറുടെ നിർവഹണാധികാരത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് അനന്തമായി നീളുന്നത്. നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്ക് വന്നുപോകുന്ന പൊതുജനങ്ങൾക്കും നഗരസഭയിലെ ജീവനക്കാർക്കും കൗൺസിലർമാർക്കും ആവശ്യമായ വൃത്തിയുള്ള ടോയിലറ്റ് സംവിധാനം ഒരുക്കിനൽകാൻ കഴിയുന്നില്ലന്ന പരാതി വ്യാപകമാണ്. ജോലിസ്ഥലങ്ങൾ സ്ത്രീസൗഹാർദ്ദമാകണമെന്ന സർക്കാരിന്റെ പ്രത്യേക നിർദ്ദേശങ്ങൾക്കും പുല്ലുവില കൽപ്പിക്കുകയാണ് നഗരസഭാധികൃതർ. ജീവനക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളായിട്ടും ടോയിലറ്റ് നിർമ്മാണം ഇത്തരത്തിൽ നീണ്ടുപോകുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാണ്.
കരാർ നൽകിയത് 2020ൽ
പഴയ ഗോഡൗൺ പൊളിച്ചുനീക്കി പൊതുജനങ്ങൾക്കും ജീവനക്കാർക്കും വെവ്വേറേ ടോയിലെറ്റ് നിർമ്മിക്കാനാണ് 2020ഒക്ടോബറിൽ കരാർ നൽകിയത്. കരാർപ്രകാരം 2021ഏപ്രിൽ 30ന് പബ്ലിക് ടോയിലെറ്റ് നിർമ്മാണം പൂർത്തിയാക്കേണ്ടതാണ്. എന്നാൽ നിർമ്മാണം തുടങ്ങാൻ വൈകിയതോടെ നാലുതവണ സമയപരിധി നീട്ടിനൽകി. 2023ൽ ടോയിലെറ്റ് കെട്ടിടം മേൽക്കൂര വാർപ്പ് വരെ പ്ലാസ്റ്ററിംഗ് ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കി. ഇതിനിടെ 2,47,200രൂപയുടെ പാർട്ട് ബിൽ കരാറുകാരന് അനുവദിച്ചു നൽകി. ബാക്കി ജോലികൾ പൂർത്തിയാക്കാത്ത കരാറുകാരനെ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും അയാളുടെ അപേക്ഷ പരിഗണിച്ച് 2023ൽ അനുമതി നൽകി. വീണ്ടും രണ്ടുവർഷം കൂടി കഴിഞ്ഞിട്ടും ടോയ്‌ലെറ്റിന്റെ പണികൾ തീർക്കാൻ കരാറുകാരന് കഴിഞ്ഞില്ല. അഞ്ചുവർഷമായിട്ടും പണി പൂർത്തിയാക്കാത്ത കരാറുകാരനെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കാതെ ക്രമവിരുദ്ധമായി കരാർ കാലാവധി നീട്ടിനൽകിയും പാർട്ട് ബിൽ അനുവദിച്ചു കൊടുത്തും നഗരസഭ കരാറുകാരന് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്.
ശുചിത്വപ്രഖ്യാപനം നടത്തിയ ടോയ്ലെറ്റ് വൃത്തിഹീനം
ശുചിത്വപ്രഖ്യാപനം നടത്തിയ തിരുവല്ല നഗരസഭാവളപ്പിൽ വൃത്തിഹീനമായ ടോയ്‌ലറ്റ് ആരോഗ്യവിഭാഗം അധികൃതരുടെ മൂക്കിനുതാഴെയുണ്ട്. നഗരസഭാ കെട്ടിടത്തിന്റെ പിന്നിലേക്ക് ആളുകൾക്ക് പോകാൻപോലും പറ്റാത്തവിധം വൃത്തിഹീനമായി കിടക്കുകയാണ്. പഴയ ടോയ്‌ലെറ്റിന്റെ കതകിൽ കയർ കെട്ടിയിട്ടുണ്ടെങ്കിലും മലിനമായി തുറന്നു കിടക്കുകയാണ്. കെട്ടിടത്തിന്റെ മുൻവശത്തൊക്കെ ഇന്റർലോക്ക് പാകിയിട്ടുണ്ടെങ്കിലും പിന്നിൽ മാലിന്യങ്ങളുടെ ദുർഗന്ധം രൂക്ഷമാണ്. ഹെൽത്ത് വിഭാഗത്തിൽ ക്ളീൻസിറ്റി മാനേജർ, ഹെൽത്ത് സൂപ്പർവൈസർമാർ, പി.എച്ച്.ഐമാർ ഉൾപ്പെടെ 10ഉദ്യോഗസ്ഥരും 40ശുചീകരണ തൊഴിലാളികളും ജോലിചെയ്യുന്ന നഗരസഭയിലാണ് പുഴുത്ത് നാറുന്ന ടോയ്‌ലെറ്റ്.
........................................................
നഗരസഭയിലെ പബ്ലിക് ടോയ്‌ലറ്റ് നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരന് കത്തുനൽകി അടിയന്തര നടപടികൾ സ്വീകരിക്കും.
(നഗരസഭാ അധികൃതർ)
.....................................
40 ശുചീകരണ തൊഴിലാളികൾ