ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. കല്ലിശേരിയിലും തിരുവൻവണ്ടൂരിലും വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ ഹോട്ടലുകൾ ,ബേക്കറികൾ തുടങ്ങിയവയ്ക്ക് 10000 രൂപ പിഴ ഈടാക്കുകയും പ്രാവിൻ കൂട് മഴുക്കീറിൽ പ്രവർത്തിക്കുന്ന മന്ന ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയതായും ഇവിടെ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചില കടകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് സാധനങ്ങളും പിടിച്ചെടുത്ത് പിഴ ഈടാക്കി. തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഒരു വീട്ടിലൂണ് സംരംഭം ഒഴികെ ബാക്കി എല്ലാ ഭക്ഷണ ശാലകളിലും വൃത്തിഹീന സാഹചര്യമാണ് കണ്ടെത്തിയതെന്നും മണ്ഡലകാല ഉത്സവ സീസൺ അടുത്തെത്തിയ സാഹചര്യത്തിൽ പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്റേണൽ വിജിലൻസ് ഓഫീസർ ജി.സുനിൽകുമാർ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സുജിത് കുമാർ,തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്.എസ്, ഹെൽത്ത് ഇൻസ്‌പെക്ടർ വിജീഷ് വിശ്വൻ, സെഷൻസ് ക്ലർക്ക് ലൈജു, സുജിത്ത്, ശുചിത്വമിഷൻ കോഡിനേറ്റർ അശ്വതി പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.