പുല്ലാട്: സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് വിവിധ സർക്കാർ വകുപ്പുകൾ, ക്ഷേമ ബോർഡുകൾ, മിൽമ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഏകോപിപ്പിക്കണമെന്ന് പുല്ലാട് കുറവൻകുഴി അജയ് ഫാമിൽ കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച ക്ഷീര കർഷക വികസന സംഗമം ആവശ്യപ്പെട്ടു. ക്ഷീര വികസനം, മൃഗസംരക്ഷണം, മിൽമ, കെ.എൽ.ഡി ബോർഡ്, ലൈവ് സ്റ്റോക്ക് ഡിപ്പാർട്ട്‌മെന്റ്, കേരള ഫീഡ്‌സ് തുടങ്ങിയവ ക്ഷീര കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എല്ലാ ഏജൻസികളും ഒരേ കാര്യത്തിനു തന്നെയാണ് സഹായം നൽകുന്നത്. ഒരിടത്തുനിന്ന് ആനുകൂല്യങ്ങൾ ലഭിച്ചാൽ അതേ ആവശ്യത്തിന് മറ്റൊരു ഏജൻസിയെ സമീപിക്കാനാകില്ല. തുച്ഛമായ തുകയാണ് എല്ലാ ഏജൻസികളും നൽകുന്നത്. ഇതിനൊരു മാറ്റം വരണമെങ്കിൽ വിവിധ വകുപ്പുകളും ഏജൻസികളും നൽകുന്ന ആനുകൂല്യങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം വേണമെന്ന് കർഷക സംഗമം ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ നവംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ 61 ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് ക്ഷീരകർഷക സംഗമം നടത്തിയത്. മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അടൂർ മേലൂട് ക്ഷീരസംഘം പ്രസിഡന്റ് എ.പി. ജയൻ, അജയ് ഫാം ഉടമ അജയ കുമാർ വല്ല്യുഴത്തിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റർ സ്‌പെഷലിസ്റ്റ് ഡോ. സെൻസി മാത്യു ക്ലാസ് നയിച്ചു.
ക്ഷീരവികസന വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടർ എം. അയൂബ്, യൂണിയൻ ജില്ലാ സെക്രട്ടറി ജി. വിശാഖൻ, സംസ്ഥാന സമിതിയംഗം ബോബി ഏബ്രഹാം, കർഷക പ്രതിനിധികളായ സി. പി. ജോയിക്കുട്ടി, കെ.കെ. മോഹനൻ, കെ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.