
വരും മാസങ്ങളിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് രണ്ടു തിരഞ്ഞെടുപ്പുകളാണ്. ഈ വർഷം നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും ഉണ്ടാകും. വോട്ടർപ്പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചതോടെ മൂന്ന് മുന്നണികളും അങ്കത്തിലിറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അടുത്തമാസം ആദ്യ ആഴ്ച തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുമെന്നാണ് സൂചന. അതിനു കാത്തുനിൽക്കാതെ പ്രാഥമിക നടപടികളിലേക്ക് മുന്നണികൾ കടന്നു. പല വാർഡുകളിലും ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കാത്തുനിൽക്കാതെ വാർഡ് കമ്മറ്റികൾ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംവരണ വാർഡുകളുടെ പുനർനിർണയം പൂർത്തിയായതോടെ വിജയിക്കാവുന്ന വാർഡുകളിൽ സ്ഥാനാർത്ഥികളാകാൻ പ്രാദേശിക നേതാക്കൾ ചരടുവലികൾ തുടങ്ങി. ചിലർ വിജയസാദ്ധ്യതയുള്ള വാർഡുകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കി. കോൺഗ്രസിലാണ് സ്ഥാനാർത്ഥി മോഹികളുടെ അതിപ്രസരം. മേൽത്തട്ടിൽ ഗ്രൂപ്പില്ലെങ്കിലും പ്രാദേശിക അടിസ്ഥാനത്തിൽ പ്രവർത്തകരെ ഒപ്പം നിറുത്തി ബല പരീക്ഷണത്തിനാണ് നീക്കം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം സംസ്ഥാനത്ത് വിവാദമായിരുന്നു. വാർഡ്, മണ്ഡലം കമ്മിറ്റികൾ നൽകിയ സ്ഥാനാർത്ഥി പട്ടിക അട്ടിമറിച്ച് പേമെന്റ് സീറ്റുകളുമായി സ്ഥാനാർത്ഥികൾ വാർഡുകളിലേക്ക് ചെന്നത് കോലാഹലമുണ്ടാക്കിയിരുന്നു. ഡി.സി.സി ഓഫീസിലായിരുന്നു സീറ്റ് കച്ചവടം. പഞ്ചായത്ത് വാർഡിൽ മത്സരിക്കാൻ ആറായിരം, അതിനു മുകളിലേക്ക് കൂടുതൽ തുക എന്നിങ്ങനെയാണ് പേമെന്റ്. സീറ്റ് കച്ചവടത്തിൽ കീശ കനത്തവർ കണക്ക് കാണിക്കാതിരുന്നതും വിവാദമായി. ഒടുവിൽ കനത്ത പരാജയം രുചിച്ച് യു.ഡി. എഫ് വോട്ടുകച്ചവടത്തിന്റെ കയ്പറിഞ്ഞു. ഇത്തവണ അങ്ങനെ കച്ചവടം ഉണ്ടാകില്ലെന്നും മെറിറ്റ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
പൊതുസമ്മതരെ തേടുന്നു
വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്നാണ് വാർഡു കമ്മിറ്റികൾക്ക് ഡി.സി.സി നൽകിയിരിക്കുന്ന നിർദേശം. ചില വാർഡുകളിൽ പൊതുസമ്മതരായ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞു. യു.ഡി.എഫ് മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ ബ്ളോക്ക് കമ്മിറ്റികൾ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് യോഗം ചേർന്നു. ഘടക കക്ഷികളുമായുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന്റെ വാർഡ് പുനഃസംഘടന നേരത്തേ പൂർത്തിയാക്കിയത് പത്തനംതിട്ട ഡി.സി.സിയാണ്. കെ.പി.സി.സിയുടെ അഭിനന്ദനവും ഡി.സി.സിക്ക് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവയ്ക്കുന്ന പ്രവണത ഇത്തവണയുണ്ടാകില്ലെന്ന കർശന നിലപാടിലാണ് നേതൃത്വം. വിജയസാദ്ധ്യത മാത്രമാണ് മാനദണ്ഡം. മണ്ഡലം, ജില്ലാ കോർ കമ്മിറ്റികളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും സ്ഥാനാർത്ഥികളെ തീരുമാനിക്കുക. ഘടക കക്ഷികളുമായി മുൻ തിരഞ്ഞെടുപ്പിലെ സീറ്റു വിഹിതം നിലനിറുത്താനാണ് സാദ്ധ്യത. ഘടക കക്ഷികൾക്ക് വിജയസാദ്ധ്യതയില്ലാത്ത വാർഡുകൾ കോൺഗ്രസുമായി വച്ചുമാറുന്നതിന് ചർച്ചകൾ നടത്തും.
എൽ.ഡി.എഫിൽ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നേരത്തേ തുടങ്ങി. വോട്ടർ പട്ടിക സമഗ്രമായി പരിശോധിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന അന്തിമ വോട്ടർപട്ടിക വീണ്ടും പരിശോധിക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. വാർഡ് വിഭജന ചർച്ചകൾ താഴെ ഘടകങ്ങളിൽ നടക്കുന്നു. വാർഡ് യോഗങ്ങൾ കഴിഞ്ഞയാഴ്ച പൂർത്തിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിനായിരുന്നു നേട്ടം. അതിൽ നിന്ന് സീറ്റുകളുയർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സി.പി.എം പ്രത്യേകമായി ബ്രാഞ്ചുകളിൽ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാദ്ധ്യതയുള്ള വാർഡുകളിൽ പാർട്ടി പ്രവർത്തകർക്കാണ് പരിഗണന. വോട്ടുകളുടെ കാര്യത്തിൽ യു.ഡി.എഫുമായി വലിയ അകലമുള്ള വാർഡുകളിൽ പൊതുസമ്മത സ്ഥാനാർത്ഥികളെ പരിഗണിക്കും.
ജില്ലയിൽ നഗരസഭകൾ ഉൾപ്പെടെ ഇരുപത്തഞ്ച് പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയെന്നതാണ് എൻ.ഡി.എ ലക്ഷ്യം. കവിയൂർ, കുളനട, ചെറുകോൽ പഞ്ചായത്തുകളും പന്തളം നഗരസഭയും എൻ.ഡി.എയാണ് ഭരിക്കുന്നത്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങി. ബി.ജെ.പി പാർട്ടി ചിഹ്നത്തിൽ തന്നെ പരമാവധി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. പ്രധാന ഘടക കക്ഷിയായ ബി.ഡി.ജെ.എസ് കൂടുതൽ സീറ്റുകൾ ചോദിക്കുന്നുണ്ട്. വോട്ടർ പട്ടികയുടെ സൂക്ഷമമായ പഠനം മണ്ഡലം കമ്മിറ്റികളാണ് നടത്തുന്നത്. ഇത്തവണ ജനപ്രതിനിധിയില്ലാത്ത ഒരു പഞ്ചായത്തുപോലും ഉണ്ടാകാൻ പാടില്ലെന്നാണ് താഴെ ഘടകങ്ങൾക്ക് ബി.ജെ.പി നേതൃത്വം നൽകിയ നിർദേശം.
കത്തിപ്പടരാൻ വിവാദങ്ങൾ
തദ്ദേശ തിരഞ്ഞെടുപ്പാണെങ്കിലും രാഷ്ട്രീയ വിവാദമായി കത്തിപ്പടർന്ന ശബരിമല സ്വർണ്ണക്കൊള്ളയും പി.എം ശ്രീ പദ്ധതിയുമൊക്കെ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും. പഞ്ചായത്ത് തല വികസനത്തിന്റെ നേട്ടവും കോട്ടവും രണ്ടാമതാകും. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നൊരുക്കവും ഫൈനൽ റിഹേഴ്സലുമായതിനാൽ രാഷ്ട്രീയ വിവാദങ്ങൾക്കാകും പ്രചരണത്തിൽ പ്രാമുഖ്യം ലഭിക്കുക, സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫ് ഉന്നയിക്കും. ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ജില്ലാ പഞ്ചായത്തിലും എൽ.ഡി.എഫ് ഭരിക്കുന്നതിനാൽ അതത് പ്രദേശത്തെ വികസനത്തിന് ഊന്നൽ നൽകാനാണ് ഇടതു നീക്കം. സ്വർണ്ണക്കൊള്ളയും പി.എം ശ്രീ വിവാദവും ഇതിലൂടെ മറയ്ക്കാമെന്നാണ് അവർ കരുതുന്നത്. മലയോര ജില്ലയായ പത്തനംതിട്ടയുടെ കാർഷിക പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമായില്ല. വന്യജീവി ശല്യവും റബറിന്റെ വിലയിടിവുമൊക്കെ കർഷകരുടെ നീറുന്ന വിഷയമായി നിലനിൽക്കുന്നു.