പത്തനംതിട്ട : മഴ ശക്തമായതോടെ നഗരത്തിൽ വീണ്ടും വെള്ളക്കെട്ട്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിന് താഴെയാണ് വലിയ വെള്ളക്കെട്ട്. ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വെള്ളക്കെട്ടിൽ വീണ് അപകടമുണ്ടാകുന്നു. ഇവിടെ ചെളിയും കഴിയുമുണ്ട്. വെള്ളംനിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുണ്ടെന്ന് അറിയാതെയാണ് യാത്രക്കാർ അപകടത്തിൽപ്പെടുന്നത്. മേൽപ്പാലം നിർമ്മാണത്തിനായി ചുറ്റും മണ്ണെടുത്തിട്ടിരിക്കുന്നതിനാൽ അത് നീക്കംചെയ്യാതെ വെള്ളത്തിന് ഒഴുകിപ്പോകാൻ സാധിക്കില്ല. മേൽപ്പാലം നിർമ്മാണ ഉദ്യോഗസ്ഥരോട് മണ്ണ് നീക്കണമെന്ന് സമീപത്തുള്ളവർ നിരന്തരം ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും അവർ കണ്ട ഭാവം നടിക്കുന്നില്ല. ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ ചെറിയൊരു വഴി മാത്രമാണിവിടെയുള്ളത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പകർച്ചവ്യാധി പിടിപെടാനും സാദ്ധ്യതയുണ്ട്. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ഇറങ്ങിപ്പോകുന്നതും ഇതുവഴിയാണ്.

പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഗാരേജിലേക്കുള്ള വഴിയിൽ നിറയെ വെള്ളംകെട്ടിക്കിടക്കുകയാണ്. . ബസുകൾ ഇത് കടന്നാണ് ഗാരേജിലേക്ക് കയറുന്നതും ഇറങ്ങുന്നതും.

വിശ്രമകേന്ദ്രത്തിന് മുന്നിലും വെള്ളക്കെട്ട്

പത്തനംതിട്ട നഗരത്തിലെ വിശ്രമ കേന്ദ്രത്തിന് മുന്നിലും വെള്ളക്കെട്ടാണ്. അടുത്തയാഴ്ച ഉദ്ഘാടനത്തിനൊരുങ്ങുന്ന കെട്ടിടമാണിത്. നഗരസഭ ബസ് സ്റ്റാൻഡിന് സമീപമുള്ള ഇവിടെ കുടുംബശ്രീ വനിതകൾ ചേർന്ന് കഫേ നടത്താനാണ് ലക്ഷ്യമിടുന്നത് . . വെള്ളത്തിൽ ചവിട്ടിവേണം വിശ്രമകേന്ദ്രത്തിലേക്കെത്താൻ. 2019ലാണ് വിശ്രമകേന്ദ്രം നിർമ്മിക്കാനായി നഗരസഭ സ്ഥലം വിട്ടുനൽകിയത്. 2021 ൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെന്ന് അധികൃതർ അവകാശപ്പെട്ടെങ്കിലും ഉദ്ഘാടനം നടത്തിയില്ല. കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിശ്രമകേന്ദ്രം വനിത ക്യാന്റീനാക്കി മാറ്റാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. മന്ത്രി വീണാ ജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്നുള്ള 65 ലക്ഷംരൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം