ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര രൂപീകരണ യോഗം നടന്നു, ചരിത്രം ഉറങ്ങുന്ന, ആനന്ദഭൂതേശ്വരവും, വല്ലനയും പാറയ്ക്കലും അടങ്ങുന്ന ഗുരുപാദ സ്പർശത്താൽ ധന്യമായ മണ്ണിൽ നിന്ന് ആദ്യമായാണ് ഇത്തരത്തിൽ ഒരു പദയാത്ര തുടങ്ങുന്നത്. പുണ്യനദിയായ പമ്പയുടെ തീരത്തെ ചെങ്ങന്നൂരിന്റെ മണ്ണിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര 2025 ഡിസംബർ മാസം 28 ന് പുറപ്പെട്ട് 31ന് ശിവഗിരിയിൽ എത്തിചേരും. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പദയാത്ര ക്യാപ്റ്റൻ ആയി യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരനെയും വൈസ് ക്യാപ്റ്റൻമാരായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ആയ പി ഡി ഷാജിയെയും രാജേഷ് സദാനന്ദനെയും തീരുമാനിച്ചു. തീർത്ഥാടനപദയാത്രസംഘത്തിന്റെ ചെയർമാനായി ഡി.ഷാജി പിരളശേരിയേയും ജനറൽ കൺവീനറായി മോഹനൻ എൻ പാറക്കൽ എന്നിവരെയും തെരഞ്ഞെടുത്തു . ആവശ്യമായ വിവിധ കമ്മിറ്റികളും രൂപീകരിച്ചു. എല്ലാ മേഖല ഭാരവാഹികളെയും, മുഴുവൻ പോഷക സംഘടന പ്രവർത്തകരെയും മുഴുവൻ ശാഖാ ഭാരവാഹികളെയും ഉൾപ്പെടുത്തികൊണ്ടാണ് വിപുലമായ ജനറൽ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പദയാത്രയ്ക്ക് മുന്നോടിയായി മേഖല യോഗങ്ങൾ പീതാംബരദീക്ഷ, പ്രഭാഷണപരമ്പരകൾ മുതലായവ നടക്കുന്നതാണ്.