
കോന്നി : കോന്നിയെ പുറംലോകത്തേക്ക് എത്തിച്ച സഞ്ചായത്ത് കടവ് പാലം 50ന്റെ നിറവിൽ. രാജഭരണകാലത്ത് തിരുവിതാംകൂറിൽ തടിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വകുപ്പാണ് സഞ്ചായത്ത്. വനമേഖലയിലെ തടി വ്യാപാരങ്ങൾ നടന്ന കടവിനെ സഞ്ചായത്ത് കടവ് എന്നും വിളിച്ചിരുന്നു. അച്ചൻകോവിലാറ്റിലെ സഞ്ചായത്ത് കടവിൽ നിർമ്മിച്ച പാലം എന്ന നിലയിലാണ് സഞ്ചായത്ത് കടവ് പാലം എന്ന പേരുവന്നത്.
1962 ൽ കോന്നി ഉൾപ്പെട്ട പത്തനംതിട്ടയുടെ എം.എൽ.എ ചിറ്റൂർ സി.കെ.ഹരിചന്ദ്രൻ നായർ കോന്നിയിൽ പാലത്തിന് വേണ്ടി നിയമസഭയിൽ ഉപക്ഷേപം ഉന്നയിച്ചിരുന്നു. മറുപടി പറഞ്ഞ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡി.ദാമോദരൻ പോറ്റി അനുകൂല നിലപാട് എടുത്തു. 1971 ഡിസംബർ 18ന് സഞ്ചായത്ത് കടവ് പാലത്തിന് ഡി.എഫ്.ഒ. ഓഫീസ് പരിസരത്ത് തറക്കല്ലിട്ടു. അന്നത്തെ എം.എൽ.എ. പി.ജെ.തോമസ് മുൻകൈ എടുത്താണ് പാലത്തിന് അനുമതി വാങ്ങിയത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ.ദിവാകരൻ ശിലാസ്ഥാപനം നടത്തി.
അച്ചൻകോവിലാർ കടന്ന്...
അച്ചൻകോവിൽ ആറിന്റെ ഇരുകരകളിലായി വ്യാപിച്ച കോന്നി പഞ്ചായത്തിലെ തണ്ണിത്തോട്, തേക്കുതോട്, അട്ടച്ചാക്കൽ, നാടുകാണി, ചെങ്ങറ, അതുമ്പുംകുളം, പയ്യനാമൺ, കോന്നി താഴം, ഐരവൺ പ്രദേശങ്ങളിൽ ഉള്ളവർക്ക് കോന്നിയിൽ എത്തണമെങ്കിൽ കടത്തുവള്ളമായിരുന്നു ആശ്രയം. സഞ്ചായത്ത് കടവിൽ പൊതുമരാമത്തിന്റെ ചങ്ങാടവും വള്ളവും ഉണ്ടായിരുന്നു. ചങ്ങാടത്തിൽ വാഹനങ്ങളും മറുകര കടത്തിയിരുന്നു.
ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനം
1975 മെയ് അഞ്ചിനാണ് പണി പൂർത്തിയാക്കിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ജെ.തോമസ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കോന്നിയിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. കോഴഞ്ചേരി തുണ്ടിയത്ത് മുളമൂട്ടിൽ കുഞ്ഞ് എന്നറിയപ്പെട്ടിരുന്ന ചെറിയാൻ ടി.ചെറിയാനായിരുന്നു കരാറുകാരൻ.
പാലം യാഥാർത്ഥ്യമായത് മലയോര മേഖലയുടെ വികസനത്തിന് വലിയ പങ്കുവഹിച്ചു. യാത്രാസൗകര്യങ്ങൾ മെച്ചപ്പെട്ടു.
ഡോ.അരുൺ ശശി,
(ചരിത്ര ഗവേഷകൻ)