
റാന്നി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബുവിനെ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽവിട്ടു. 31വരെ കസ്റ്റഡി അനുവദിച്ച് റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കേസിലെ രണ്ടാം പ്രതിയാണ്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലായിരുന്ന ബാബുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ബാബുവിനെയും ഒരുമിച്ച് ചോദ്യംചെയ്യും. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പും നടത്തും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. 2019 ജൂണിൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ മഹസറിൽ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി രേഖപ്പെടുത്തിയത് അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മുരാരിബാബുവായിരുന്നു.