റാന്നി: കുമ്പളത്താമണ്ണിൽ സ്വകാര്യഫാമിലെ പോത്തിനെ കൊന്നത് കടുവതന്നെയെന്ന് ഉറപ്പായി. നിരീക്ഷണ ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങളുണ്ട്. കടുവയെ പിടികൂടാനായി വനപാലകർ കൂടുവച്ചു. . കുമ്പളത്താമൺ 'ജംഗിൾ ബുക്ക് ഡയറി ഫാമിലെ' പോത്തിനെയാണ് കഴിഞ്ഞ ദിവസം വെളുപ്പിന് ചത്തനിലയിൽ കണ്ടെത്തിയത്. പോത്തിന്റെ പിൻഭാഗത്തും കഴുത്തിലും മുറിവുകളുണ്ടായിരുന്നതിനാൽ കടുവയാണ് ആക്രമിച്ചതെന്നായിരുന്നു സംശയം. തിങ്കളാഴ്ച മേയാൻ പാടത്ത് കെട്ടിയിട്ടിരുന്ന കന്നുകാലികളെ ഫാമിലേക്ക് തിരികെ കൊണ്ടുപോകാനെത്തിയ ജീവനക്കാരനാണ് പോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത് . മഴ കാരണം കാൽപ്പാടുകൾ വ്യക്തമല്ലാത്തതിനാൽ ഏത് മൃഗമാണെന്ന് വനപാലകർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഈ ഭാഗത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലാണ് കടുവയുടെ ചിത്രം വ്യക്തമായത്. . റാന്നി വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോ. ദിവ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പോത്തിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. . ഫാമിലെ 13 പശുക്കളെയും നാല് പോത്തുകളെയുമാണ് പാടത്ത് മേയാനായി കെട്ടിയിരുന്നത്. ഇതിൽ ഏറ്റവും വലിപ്പമുള്ള പോത്തിനെയാണ് കൊന്നതെന്ന് ഫാം ഉടമ റെയ്സൺ ചാക്കോ കോമാട്ട് പറഞ്ഞു.