കിഴക്കേക്കല്ലട: കൊല്ലം തേനി ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ ചിറ്റുമലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മൺറോത്തുരുത്ത് റോഡ് തേനി പാതയിൽ ചേരുന്ന ഇവിടെ മൺറോത്തുരുത്തിൽ നിന്നുള്ള വാഹനങ്ങൾ ഭരണിക്കാവ് ഭാഗത്തേക്ക് പോകണമെങ്കിൽ യു ടേൺ തിരിയണം. തിരിച്ചും അങ്ങനെ തന്നെ.
എന്നാൽ ചെറിയ വാഹനങ്ങൾക്കു മാത്രമേ യു ടേൺ തിരിയാൻ സൗകര്യമുള്ളൂ. ഇടത്തരം വാഹനങ്ങൾ തിരിയുമ്പോൾ പലപ്പോഴും റിവേഴ്സ് എടുക്കേണ്ടി വരും. ഇതാണ് ഗതാഗതക്കുരുക്കിന് കാരണമാവുന്നത്. അതുപോലെ തന്നെയാണ് കൂടുതൽ വാഹനങ്ങൾ തിരിയുമ്പോഴും കുരുക്ക് രൂക്ഷമാകും. ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ ജംഗ്ഷനിലുണ്ട്. യാത്രക്കാരെ കയറ്റാനായി ബസുകൾ ഇരുവശവും സമാന്തരമായി നിറുത്തുമ്പോൾ മറ്റ് വാഹനങ്ങൾ കുരുക്കിൽപ്പെടും. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കും. ഇവിടെ അപകടകരമായി നിന്നതിനാൽ, മുറിച്ചുമാറ്റിയ ഭീമൻ മാവിന്റെ തടി ബസ് സ്റ്റോപ്പിൽ നിന്നു നീക്കിയിട്ടില്ല. ബസിൽ കയറാനെത്തുന്ന പലരും ഇതിൽത്തട്ടി വീണിട്ടുണ്ട്. ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്ന തടി ഇവിടെ നിന്നു മാറ്റാൻ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
പരിഹാരമുണ്ട്
തിരക്കുള്ള രാവിലെ 7.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 8 വരെയും പൊലീസിനെ നിയോഗിക്കുക
ഇരുവശത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പുകൾ പുന:ക്രമീകരിക്കുക
ബസുകൾ തിരക്കുള്ള സമയത്ത് സ്റ്റോപ്പുകളിൽ കൂടുതൽ സമയം നിറുത്തിയിടുന്നത് ഒഴിവാക്കുക
ഓട്ടോ, ടാക്സി പാർക്കിംഗ് ഗതാഗത തടസവും അപകടങ്ങളും ഉണ്ടാകാത്ത വിധം പുന:ക്രമീകരിക്കുക