കൊല്ലം:മിനിസ്ക്രീനിലും തങ്കശേരി മാർക്കറ്റ് ഓട്ടോ സ്റ്റാൻഡിലും ബിന്ദുവിന്റെ (52,ജെസി) വേഷം കാക്കിയാണ്.തങ്കശേരി ഫ്രണ്ട്സ് നഗർ പുന്നത്തല പന്തിരിക്കൽ തോപ്പിൽ പരേതരായ യേശുദാസിന്റെയും സാറാമ്മയുടെ എട്ട് മക്കളിൽ നാലാമത്തെയാളാണ് ബിന്ദു.അച്ഛന്റെ മരണത്തോടെ മങ്ങാട് സ്കൂളിൽ ഏഴാം ക്ളാസിൽ വച്ച് പഠനം നിറുത്തേണ്ടിവന്നു.പിന്നീട് വീട്ടുജോലികൾക്കും ഇടയ്ക്ക് കാറ്ററിംഗ് ജോലിക്കും പോയിത്തുടങ്ങി.ഇരുപത്തിരണ്ടാം വയസിൽ മസ്കറ്റിലേക്ക് പറന്നെങ്കിലും ഒൻപത് മാസത്തിന് ശേഷം ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി.പിന്നീട് റിയൽ എസ്റ്റേറ്റ്, വീട് വാടകയ്ക്ക് എടുത്തുനൽകൽ തുടങ്ങി വിവിധ തൊഴിലുകൾ ചെയ്തു.അഞ്ച് വർഷം മുമ്പാണ് സ്വന്തമായി ഓട്ടോ വാങ്ങിയാത്.ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ അവസരവും ലഭിച്ചു.ഇതിനകം എട്ട് സീരിയലുകളിൽ അഭിനയിച്ചു.എട്ടിലും പൊലീസുകാരിയായിരുന്നുവെന്നതാണ് പ്രത്യേകത.ജീവത തിരക്കുകൾക്കിടയിൽ കല്ല്യാണമെന്ന കടമ്പ കടക്കാനായില്ല.ഇപ്പോൾ അഞ്ചാലുംമൂട്ടിൽ ചെറിയൊരു കടമുറിയെടുത്ത് ലോട്ടറി ടിക്കറ്റും സ്നാക്സ് വിൽപ്പനയും തുടങ്ങി.ഓട്ടോറിക്ഷയും കടയും അഭിനയവുമാെക്കെയായി ബിന്ദു ജീവിതം ആഘോഷമാക്കുകയാണ്.ഏഴ് മാസം മുമ്പ് അമ്മ മരിച്ചു.കുടുംബ വീട്ടിൽ അവിവാഹിതനായ ഇളയ സഹോദരനൊപ്പമാണ് താമസം.
തമിഴ് സിനിമയിലേക്ക്
സീരിയലുകളിൽ പൊലീസ് വേഷങ്ങളിൽ തിളങ്ങുമ്പോഴും സിനിമയാണ് ബിന്ദുവിന്റെ സ്വപ്നം.ഇപ്പോൾ തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.രണ്ട് മാസത്തിനുള്ളിൽ ഷൂട്ടിംഗ് തുടങ്ങും.
ഏത് വേഷം കിട്ടിയാലും സിനിമയിൽ അഭിനയിക്കും. ജീവിതത്തിൽ അഭിനയമില്ല.
-ബിന്ദു