കൊല്ലം: പണ്ടൊരു കാലത്ത് നാടിന്റെ ആശ്രയമായിരുന്ന പൊതുകുളം പോള നിറഞ്ഞ് മാലിന്യ നിക്ഷേപ കേന്ദ്രമായിട്ടും അധികൃതർ ഗൗനിക്കുന്നില്ല. പാൽക്കുളങ്ങര ഡിവിഷൻ കാഞ്ഞിരമുക്കിലെ 'നായരുകുള'മാണ് നാശത്തിലേക്ക് നീങ്ങുന്നത്.
പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് കുളം വൃത്തിയാക്കാൻ കഴിഞ്ഞ ഭരണവർഷം കോർപ്പറേഷൻ പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ തർക്കങ്ങളെ തുടർന്ന് 12 ലക്ഷം രൂപയുടെ നവീകരണം മാത്രമാണ് നടന്നത്. അന്ന് കുളത്തിലെ വെള്ളം വറ്റിച്ച് പായലും ചെളിയും കോരിമാറ്റി. രണ്ട് വശങ്ങളിലും കൽക്കെട്ടുകൾ പുനർ നിർമ്മിച്ചു. പിന്നീട് നിർമ്മാണങ്ങളൊന്നും നടന്നില്ല. ഇതോടെ കുളം വീണ്ടും പഴയ നിലയിലാവുകയും പായൽ മൂടി ഉപയോഗ ശൂന്യമാവുകയുമായിരുന്നു.
മുമ്പ് പ്രദേശവാസികൾ കുളിക്കാനും തുണി അലക്കാനും വീട്ടിലെ മറ്റ് പല ആവശ്യങ്ങൾക്കും കുളത്തിലെ ജലം ഉപയോഗിച്ചിരുന്നു. വെള്ളം വറ്റാത്തതിനാൽ കുളം വേനൽക്കാലത്തും നാട്ടുകാർക്ക് അനുഗ്രഹമായിരുന്നു. തുണി അലക്കാനും കുളിക്കാനും നീന്താനുമൊക്കെ ഇവിടെ ആളുകളെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും കുളത്തിൽ നിറഞ്ഞുകിടക്കുകയാണ്.
നീന്തൽ പരിശീലന കേന്ദ്രമാക്കണം
കോർപ്പറേഷനും സ്വകാര്യ വ്യക്തിയുമായുള്ള തർക്കം മുതലെടുത്താണ് ഇവിടെ മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നത്. നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഈ കുളം കോർപ്പറേഷൻ അധികൃതർ ഇടപെട്ട് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാവിയിൽ ആവശ്യമെങ്കിൽ നീന്തൽ പരിശീലന കേന്ദ്രമാക്കാവുന്ന തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.
വർഷങ്ങളായി കുളം ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതോടെ പായലും കുളവാഴകളും നിറഞ്ഞു. കൂടാതെ മാലിന്യം തള്ളാനുള്ള ഇടമായി മാറുകയും ചെയ്തു
പി.ലീലാമ്മ, പ്രദേശവാസി