കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ പ്രധാന ക്ഷേത്രങ്ങളും ഗുരുക്ഷേത്രങ്ങളും ഗ്രന്ഥശാലകളും വിദ്യാരംഭ കേന്ദ്രങ്ങളായി മാറി. ചങ്ങൻകുളങ്ങര പുലിത്തിട്ട ചതുഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മ ദൈവ ക്ഷേത്രത്തിൽ ഗണപതിഹോമത്തോടും വിദ്യാഗോപാല മന്ത്രാർച്ചനയോടുകൂടിയാണ് വിദ്യാരംഭത്തിന് തുടക്കമായത്. ശ്രീവിദ്യാ ദേവസ്വം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ബി. മുരളീധരൻ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു. മാനേജിംഗ് ട്രസ്റ്റി സൗത്ത് ഇന്ത്യൻ ആർ.വിനോദ്, മുല്ലയ്ക്കൽ രവീന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂളിൽ വിദ്യാരംഭവും ഗാന്ധിജയന്തി ദിനാഘോഷവും സംഘടിപ്പിച്ചു. കൊല്ലം ശ്രീനാരായണ കോളേജ് ഫോർ വുമൺ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ഗിരിജ കുമാരി കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകി. തുടർന്ന് സ്കൂൾ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ സ്കൂൾ സ്ഥാപക ചെയർമാൻ ഡി. ജോർജ് കാട്ടൂതറയിൽ പുഷ്പാർച്ചന നടത്തി ഗാന്ധിജയന്തി സന്ദേശം നൽകി. ഡയറക്ടർ ജിജോ ജോർജ്ജ്, പ്രിൻസിപ്പൽ പുഷ്പലത, വൈസ് പ്രിൻസിപ്പൽ പ്രദീപ്ജയപ്രകാശ്, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ജയശ്രീ, നഴ്സറി പ്രിൻസിപ്പൽ ഡയാന സിൽവസ്റ്റർ, അദ്ധ്യാപകരായ ശ്രീലത, ശ്രീകല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിലെ മേൽശാന്തി നിമേഷ് പള്ളത്ത് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. പട:തെക്ക് തോണ്ടലിൽ ശ്രീ ദേവീ നാഗരാജാ ക്ഷേത്രത്തിൽ ഗണപതി ഹോമത്തോടെയാണ് വിദ്യാരംഭത്തിന് തുടക്കമായത്. ഡോ: വള്ളിക്കാവ് മോഹൻദാസ് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്ന് നൽകി.