എഴുകോൺ : എഴുകോണിലെ ക്ഷേത്രങ്ങളിൽ വിജയദശമി പൂജയും വിദ്യാരംഭ ചടങ്ങുകളും നടന്നു. നിരവധി പേർ വിശേഷാൽ ചടങ്ങുകൾക്കെത്തി. എസ്.എൻ.ഡി.പി യോഗം എഴുകോൺ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്ക് മേൽശാന്തി സുരേഷ് മുഖ്യകാർമികത്തം വഹിച്ചു. ശാഖ സംഗീത സ്കൂളിൽ വിദ്യാരംഭ ചടങ്ങുകളും പുതിയ കുട്ടികളുടെ അഡ്മിഷനും നടന്നു. സിന്ധു ചടങ്ങുകൾക്ക് നേതൃത്വം നൽകി. നൃത്ത വിദ്യാലയത്തിലെ ചിലങ്ക കെട്ടിന് ഡാൻസ് മാസ്റ്റർ വാസുദേവൻ നായർ കാർമ്മികത്വം വഹിച്ചു.മാടൻകാവ് മഹാദേവർ ക്ഷേത്രത്തിലെ പൂജയെടുപ്പ് ചടങ്ങുകളിലും ധാരാളം കുട്ടികൾ പങ്കെടുത്തു.
എഴുകോൺ കോയിക്കൽ തിരു. ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് പൂജ എടുപ്പും എഴുത്തിനിരുത്തും നടന്നു. മേൽശാന്തി ഡോ. പഞ്ചമഠം ദിലീപ് ആദ്യക്ഷരം പകർന്നു നൽകി. കാക്കക്കോട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് മേൽശാന്തിയും ക്ഷേത്ര സമിതി ഭാരവാഹികളും നേതൃത്വം നൽകി.