urul-
അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച

കൊല്ലം: അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച ഇന്നു സമാപിക്കും. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ശയന പ്രദക്ഷിണം നടത്തുന്നത്.

ദർശനത്തിനെത്തുന്ന മിക്കവരും വീരഭദ്രന് നെയ്യഭിഷേകവും ഹനുമാൻ സ്വാമിക്ക് വടമാല, വെറ്റിലമാല തുടങ്ങിയ വഴിപാടുകളും നടത്തുന്നുണ്ട്. പ്രതിഫലത്തിനു വേണ്ടി നേർച്ച ഉരുൾ നടത്താൻ നൂറുകണക്കിന് ബാലൻമാരും സദാസമയം ഇവിടെയുണ്ട്. ഭക്തരിൽ ഏറെപ്പേരും സർപ്പദോഷമകറ്റാൻ പുള്ളുവൻപാട്ടും നടത്തുന്നു. ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എസ്.ആർ. കടവൂരിന്റെ സർഗ്ഗസങ്കീർത്തനം, ആഷ്‌ന പറപ്പള്ളിലിന്റെ കരോക്കെ ഗാനമേള, അപരാ ശശികുമാർ നയിച്ച കാവ്യാർച്ചന തുടങ്ങിയവ നടന്നു. ഇന്ന് രാവിലെ 11ന് പെരിനാട് സദാനന്ദൻ പിള്ളയുടെ ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 4ന് കാഞ്ഞാവെളി ഗോപാലകൃഷ്‌ണൻ നായർ നയിക്കുന്ന 'കാവ്യകൗമുദി' കവികൾ പങ്കെടുക്കുന്ന കവിയരങ്ങ്, 7ന് ചെണ്ടമേളം, 9 മണിയോടെ ഉരുൾ വഴിപാട് സമാപനം.

അഞ്ചാലും മൂട് എസ്.എച്ച്.ഒ ബാബുവിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പൊലീസുകാരും ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തരെ സഹായിക്കാൻ ദേവസ്വം വോളണ്ടിയർമാരുമുണ്ട്. കായലിൽ കുളിക്കുന്നവരുടെ സുരക്ഷയ്ക്കായി ഫയർഫോഴ്‌സിന്റെ ടീം കായൽക്കരയിലുണ്ട്. തൃക്കരുവ പി.എച്ച് സെന്റർ മെഡിക്കൽ ടീമിന്റെ സേവനത്തിന് പുറമേ മെഡിസിറ്റിയുടെ മെഡിക്കൽ പവലിയനുമുണ്ട്. കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നടത്തുന്നു. ജലഗതാഗത വകുപ്പിന്റെ 5 ബോട്ടുകളാണ് കോയിവിള, തോലുകടവ് ബോട്ട് ജെട്ടികളിൽ നിന്ന് അഷ്‌ടമുടിയിലേക്ക് സർവീസ് നടത്തുന്നത്. ബോട്ട് സർവ്വീസ് ഇന്ന് രാത്രി 10 വരെ ഉണ്ടാകും. ഹരിതകർമ്മസേനയുടെ പ്രവർത്തനവും സജീവമാണ്. 10 വയസിന് താഴെയുള്ള കുട്ടികളും സുഖമില്ലാത്തവരും രക്ഷിതാക്കളുമായി എത്തി ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച ശേഷം ഉരുൾനേർച്ച നടത്തണമെന്ന് കുറ്റിയഴികം ദേവസ്വം ഭാരവാഹികളായ മങ്ങാട് സുബിൻ നാരായൺ, ഡോ.കെ.വി.ഷാജി, ഡി.എസ്. സജീവ് എന്നിവർ അറിയിച്ചു.