open

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഞ്ചാം വാർഷികാഘോഷം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴയിലെ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിൽ നടന്ന പരിപാടിയിൽ എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സന്ദേശങ്ങൾ അവതരിപ്പിച്ചു.

മുണ്ടയ്ക്കലിൽ നിർമ്മിക്കുന്ന യൂണിവേഴ്സിറ്റി ആസ്ഥാന മന്ദിരത്തിന്റെ മാസ്റ്റർ പ്ളാൻ മന്ത്രി കെ.എൻ.ബാലഗോപാൽ അനാച്ഛാദനം ചെയ്തു. എം.നൗഷാദ് എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ്, ഹൈദരാബാദ് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ഗണ്ഠ ചക്രപാണി, കവി കുരീപ്പുഴ ശ്രീകുമാർ, സിൻഡിക്കേറ്റ് മെമ്പർ വി.പി.പ്രശാന്ത്, രജിസ്ട്രാർ ഡോ. എ.പി.സുനിത, മുൻ പ്രൊ. വി.സി ഡോ. എസ്.വി.സുധീർ, ബിജു.കെ.മാത്യു, കൗൺസിലർ ഗിരിജ തുളസീധരൻ എന്നിവർ സംസാരിച്ചു. തപാൽ വകുപ്പുമായി സഹകരിച്ച് പഠന സാമഗ്രികൾ വിദ്യാർത്ഥികൾക്ക് നേരിട്ട് എത്തിച്ചുകൊടുക്കുന്ന 'എസ്.എൽ.എം ഡയറക്ട്' പദ്ധതി, കവി കുരീപ്പുഴ ശ്രീകുമാർ രചിച്ച്, എം.ജയചന്ദ്രൻ സംഗീതം നൽകിയ യൂണിവേഴ്സിറ്റി ഗീതത്തിന്റെ പ്രകാശനം, പുതുതായി ആരംഭിക്കുന്ന എം.ബി.എ, എം.സി.എ പ്രോഗ്രാമുകളുടെ ഔദ്യോഗിക പ്രഖ്യാപനം, പുതിയ അക്കാഡമിക് പ്രോഗ്രാമുകളുടെ പ്രഖ്യാപനം, ഡിജി ഗുരു പദ്ധതിയുടെ ഉദ്ഘാടനം എന്നിവയും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു.

രാജ്യത്തിന് മാതൃകയാകുന്ന യൂണിവേഴ്സിറ്റി: കെ.എൻ.ബാലഗോപാൽ

കൊല്ലം ആസ്ഥാനമായി പ്രവർത്തനം തുടങ്ങി അഞ്ച് വർഷം തികയ്ക്കുമ്പോൾ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രാജ്യത്തിനാകെ മാതൃകയാകുന്ന യൂണിവേഴ്സിറ്റിയായി മാറിയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഞ്ചാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന യൂണിവേഴ്സിറ്റിയാണിത്. എവിടെ നിന്നും പഠിക്കാം, ഏത് പ്രായക്കാർക്കും പഠിക്കാം. കാമ്പസുകളിലെത്തി കുട്ടികൾ പഠിക്കുന്ന കാലം മാറുകയാണ്. ഓൺലൈൻ പഠനവും എൽ.എസ്.എസികളിലെ നേരിട്ടുള്ള അദ്ധ്യയനവുമൊരുക്കി ഗുണമേന്മാ വിദ്യാഭ്യാസമാണ് നൽകിവരുന്നത്. മുന്നിലുള്ള സാദ്ധ്യതകൾ വളരെ വലുതാണ്. മുണ്ടയ്ക്കലിൽ യൂണിവേഴ്സിറ്റിക്ക് സ്വന്തം ആസ്ഥാന മന്ദിരം ഉടനൊരുക്കും. സാമ്പത്തിക കാര്യമടക്കം യാതൊരുവിധ തടസങ്ങളും ഇക്കാര്യത്തിൽ ഉണ്ടാകില്ല. അടുത്ത വാർഷികം പുതിയ കെട്ടിട സംവിധാനത്തിൽ നടത്താൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.