കരുനാഗപ്പള്ളി: സമ്പൂർണമായ വിജയത്തിന്റെയും പൂർണതയുടെയും പ്രതീകമാണ് വിജയദശമിയെന്നും അധർമ്മത്തിന് മേലുള്ള ധർമ്മത്തിന്റെയും അജ്ഞാനത്തിന് മേലുള്ള ജ്ഞാനത്തിന്റെയും വിജയമാണതെന്നും അമൃതപുരി ആശ്രമത്തിൽ നടന്ന വിജയദശമി ദിന സന്ദേശത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
ഒൻപത് ദിനരാത്രങ്ങളിലൂടെ അകത്തും പുറത്തുമുള്ള തിന്മകളെ ജയിച്ച് ഉള്ളിൽ ഈശ്വരനെ പ്രതിഷ്ഠിക്കുന്നതാണ് വിജയദശമി. വിജയദശമി ദിനത്തിലെ പരിപാടികളിൽ വിദേശികൾ ഉൾപ്പടെ ആയിരങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന വിദ്യാരംഭ ചടങ്ങിൽ മാതാ അമൃതാനന്ദമയി ദേവി കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു. അഞ്ഞൂറിലധികം സംഗീതോപാസകർ അവതരിപ്പിച്ച നാദോപാസന ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെയും ആശ്രമ അന്തേവാസികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ഇതോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായി.