കൊല്ലം: ബസിലെ ഗ്ലാസിന്റെ പിൻഭാഗത്ത് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കണ്ടതിന്റെ പേരിൽ നടുറോഡിൽ വച്ച് മന്ത്രിയുടെ ശകാരത്തിന് ഇരയായ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർക്കും ആശ്വാസം. നടപടിയുണ്ടാകുമെന്ന് ഭീഷണി മുഴക്കിയിരുന്നെങ്കിലും കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ നടപടിക്ക് ഇതുവരെ മന്ത്രി നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് സൂചന.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ആയൂർ ട്രാഫിക് സിഗ്നലിലായിരുന്നു സംഭവം. എം.സി റോഡ് വഴി കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ്. ഇതിനിടെ തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന മന്ത്രിയുടെ വാഹനവും സിഗ്നനലിലെത്തി. ഈ സമയം ബസിന്റെ മുൻ ഭാഗത്തെ ഗ്ലാസിനു പിന്നിൽ മൂന്നു കുടിവെള്ള കുപ്പികൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി സിഗ്നൽ കടന്നെത്തി ബസ് തടഞ്ഞുനിറുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ബസ് ഓടിച്ചിരുന്നയാൾ ഉപേക്ഷിച്ചതാകാമെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും മന്ത്രി തണുത്തില്ല. ബസിലെ പ്ലാസ്റ്റിക് മാലിന്യം അതത് ദിവസം തന്നെ നീക്കണമെന്ന് എം.ഡിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞ് ജീവനക്കാർക്കു നേരെ അഞ്ചു മിനിറ്റോളം തട്ടിക്കയറി. ഇതിനിടയിൽ സിഗ്നലിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടതോടെയാണ് മന്ത്രി പിൻവാങ്ങിയത്.
സംഭവസമയം ബസിനുള്ളിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മന്ത്രിയുടെ നടപടിക്കെതിരെ നവമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. നടപടി ഭീതിയുള്ളതിനാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ജീവനക്കാർ തയ്യാറായില്ല.
ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റില്ല
മന്ത്രി തടഞ്ഞുനിറുത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലായിരുന്നുവെന്ന് പിന്നീട് നാട്ടുകാർ പരവാഹൻ പോർട്ടലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഒന്നര മാസം മുമ്പാണ് കാലാവധി തീർന്നത്. എന്നാൽ, കുടിവെള്ള കുപ്പികൾ ഉപേക്ഷിച്ചതിന്റെ പേരിൽ ഷോ കാണിച്ച മന്ത്രി ഇക്കാര്യം പരിശോധിച്ചില്ലെന്ന് ആക്ഷേപമുണ്ട്.