കൊല്ലം: എം.പി പ്രാദേശിക വികസന ഫണ്ട് സമയബന്ധിതമായി പൂർത്തീകരിക്കാനും പൂർത്തീകരിച്ച പ്രവൃത്തിയുടെ തുക യഥാസമയം ചെലവി​ടാനുള്ള നടപടികൾ ത്വരിതപ്പെടുത്താനും എൻ.കെ. പ്രേമചന്ദ്രൻ എം.പി നി​ർദ്ദേശി​ച്ചു. ജില്ലയിലെ നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ആസൂത്രണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരി​ക്കുകയായി​രുന്നു എം.പി​.

ഓരോ പ്രവൃത്തിയും ഊർജ്ജിതപ്പെടുത്താനും എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും അവയുടെ ബിൽ നൽകി തുക യഥാസയമം ചെലവി​ടാനും യോഗം തീരുമാനിച്ചു. എം.പി പ്രാദേശിക വികസന ഫണ്ട് ചെലവിടുന്നതിൽ ഉണ്ടാകുന്ന സാങ്കേതികവും പ്രാദേശികവും ഭരണപരവുമായ ബുദ്ധിമുട്ടുകൾ യോഗം വിലയിരുത്തി. ഓരോ പ്രവൃത്തിക്കും ആവശ്യമായ തുടർ നടപടി സ്വീകരിക്കാൻ നിർവ്വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിൽ കാലതാമസം വരുത്തുന്ന വകുപ്പുകളുടെ പ്രത്യേക യോഗം ചേരാൻ കളക്ടറോടും ആസുത്രണ വകുപ്പ് ജില്ലാ ഓഫീസറോടും ആവശ്യപ്പെട്ടു. ഹൈമാസ്റ്റ് ലൈറ്റുകൾ, സ്‌കൂൾ ബസുകൾ, കമ്പ്യൂട്ടർ, സ്മാർട്ട് ക്ലാസ് റൂം തുടങ്ങി പെട്ടെന്ന് ചെയ്തു തീർക്കാൻ കഴിയുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ സമയക്രമം നിശ്ചയിച്ചു. പ്രവൃത്തികളുടെ കാലാവധി നീട്ടിക്കി​ട്ടാൻ നിർവ്വഹണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ, അത്തരം ആവശ്യങ്ങൾ ഒഴിച്ചു കുടാനാവാത്ത സാഹചര്യത്തിൽ മാത്രം അനുവദിച്ചാൽ മതിയെന്ന് യോഗത്തിൽ ധാരണയായി.

ജില്ലാ മെഡിക്കൽ ഓഫീസർ, ഡി.ഡി എഡ്യുക്കേഷൻ, കൊല്ലം കോർപ്പറേഷൻ, അഞ്ചൽ ബ്ലോക്ക് തുടങ്ങി പദ്ധതി നടത്തിപ്പിൽ പുരോഗതി കൈവരിക്കാൻ കഴിയാത്ത വി​ഭാഗങ്ങളുടെ പ്രത്യേക യോഗം കളക്ടർ വിളിച്ചു ചേർക്കുന്നതിനും യോഗം തീരുമാനിച്ചു. ആസൂത്രണ സമിതി ജില്ലാ ഓഫീസർ എം.ആർ. ജയഗീത, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ വി. മിനിമോൾ, വകുപ്പുതല ജില്ലാ മേധാവികൾ, ബി.ഡി.ഒമാർ, മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.