photo

കൊട്ടാരക്കര: സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വീണ്ടും പുത്തൂരിലേക്ക്. പുത്തൂർ തേവലപ്പുറം പുല്ലാമല കാർത്തിക നിലയത്തിൽ ഗിരീഷ് കുമാറിനാണ് (അപ്പു) സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയുടെ ഭാഗ്യ സമ്മാനം ലഭിച്ചത്. അഞ്ച് വർഷമായി ലോട്ടറി എടുക്കുന്ന ശീലമുള്ള ഗിരീഷിന് മുമ്പ് ചെറു സമ്മാനങ്ങൾ അടിച്ചിട്ടുമുണ്ട്. മുന്നൂറ് രൂപയുടെ ടിക്കറ്റുകളാണ് മിക്കപ്പോഴും എടുക്കുന്നത്. വാഹനത്തിൽ ലോട്ടറി ടിക്കറ്റുമായി വന്നയാളിൽ നിന്നാണ് ഇക്കുറി വാങ്ങിയത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് ഗിരീഷ് കുമാർ. അയ്യായിരം രൂപയിൽ കൂടുതൽ പ്രതീക്ഷിച്ചില്ലെന്നും വലിയ സന്തോഷം തോന്നുന്നുവെന്നും ഗിരീഷ് കുമാർ പറഞ്ഞു. സ്വന്തമായി വാഹനം വാങ്ങണം, ജോലി ചെയ്തുതന്നെ ജീവിക്കണമെന്നാണ് 'ഭാഗ്യവാന്റെ' തീരുമാനം. പുത്തൂർ മേഖലയിൽ നിരവധി തവണയാണ് സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളത്.