കൊല്ലം: എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിറുത്തി സ്വാതന്ത്ര്യ സമരത്തെ മഹാത്മാഗാന്ധി ജനകീയമാക്കിയെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം ബീച്ചിലെ ഗാന്ധിപാർക്കിൽ ജില്ലാഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും കൊല്ലം കോർപ്പറേഷനും ഗാന്ധിപീസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ഗാന്ധിപാർക്ക് വരെ സ്കൂൾ വിദ്യാർത്ഥികൾ, എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗങ്ങൾ പങ്കെടുത്ത പദയാത്ര കളക്ടർ എൻ. ദേവിദാസ് ഫ്ളാഗ് ഓഫ് ചെയ്തു. വിശിഷ്ടാതിഥികൾ ബീച്ചിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും നടത്തി. ഡെപ്യൂട്ടി മേയർ എസ്.ജയൻ അദ്ധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പോൾ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി. കളക്ടർ എൻ.ദേവിദാസ്, എ.ഡി.എം ജി.നിർമ്മൽകുമാർ, ജില്ല ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ.കൃഷ്ണകുമാർ, ഡെപ്യൂട്ടി കളക്ടർ രാഗേഷ് കുമാർ, ഫാ. റൊമാൻസ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.