തിരുവനന്തപുരം: ക്യാൻവാസിൽ സി.കേശവന്റെ ജീവസുറ്റ ചിത്രം. വരച്ചത് ചിത്രകാരൻ ശ്രീകുമാർ വെങ്ങാനൂർ. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗോജ്ജ്വല സ്മരണകൾക്ക് ആദരമർപ്പിച്ച് കേരള ചിത്രകല പരിഷത്ത് തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ നേതൃത്തിൽ നടത്തിയ ചിത്രപ്രദർശനം ചരിത്ര സ്മരണകളുടെയും കലാവിരുതിന്റെയും സംഗമവേദിയായി . ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മ്യൂസിയം റേഡിയോപാർക്കിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ 38 കലാകാരൻമാർ വരച്ച ചിത്രങ്ങളിൽ തെളിഞ്ഞത് ഇന്ത്യയുടെ ചരിത്രം. മഹാത്മാഗാന്ധി, നെഹ്രു, നേതാജി,അംബേദ്കകർ ഭഗത് സിംഗ് തു‌‌ടങ്ങി സ്വതന്ത്ര്യസമരത്തിൽ പങ്കെടുത്ത ധീരമുഖങ്ങളെല്ലാം പല വർണങ്ങളിലായി ക്യാൻവാസിൽ പുനർജനിച്ചു. ചിത്രകല പരിഷത്ത് പ്രസിഡന്റ് ഡോ.എസ്. ഹരികൃഷ്ണൻ,സെക്രട്ടറി രതീഷ് ശിവഗംഗ എന്നിവർ നേതൃത്വം നൽകി.