കൊല്ലം: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകരുടെ ബാങ്ക് വായ്പയിന്മേൽ സർഫസി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിൽ ഇളവ് വരുത്തിയുള്ള 2016 ലെ എം.എസ്.എം.ഇ ഡെവലപ്പ്മെന്റ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകളും റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ വിജ്ഞാപനവും കർശനമായി പാലിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ബാങ്ക് വായ്പയിന്മേൽ സർഫസി നിയമം നടപ്പാക്കിയതുമൂലം രാജ്യത്ത് ആയിരക്കണക്കിന് വ്യവസായ സംരംഭങ്ങൾ പൂട്ടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് 2016 ൽ സർഫസി ഭേദഗതി നിയമം കൊണ്ടുവരികയും വായ്പയിന്മേൽ സർഫസി നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ പ്രത്യേക നിർദ്ദേശം നൽകി ആർ.ബി.ഐ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തത്.

എന്നാൽ നിയമഭേദഗതിയുടെയും വിജ്ഞാപനത്തിന്റെയും ഗുണഫലം വ്യവസായ സംരംഭകർക്ക് നൽകാതെ മുൻ വ്യവസ്ഥകൾ പ്രകാരം തന്നെ ബാങ്കുകൾ നടപടി സ്വീകരിച്ചുവന്നു. ഈ സാഹചര്യത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി വിഷയം കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഭേദഗതി വ്യവസ്ഥകളും റിസർവ് ബാങ്ക് വിജ്ഞാപനവും കർശനമായി നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് കേന്ദ്ര ധനമന്ത്രാലയം വിഷയം പരിശോധിച്ച് ദേശസാൽകൃത ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകൾക്കും നിയമഭേദഗതിയും ആർ.ബി.ഐ വിജ്ഞാപനത്തിലെ വ്യവസ്ഥകളും നടപ്പാക്കാൻ നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര ധനകാര്യമന്ത്രി പങ്കജ് ചൗധരി, എൻ.കെ. പ്രേമചന്ദ്രൻ എം.പി യെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.