ഓയൂർ: സമയക്രമത്തെ ചൊല്ലി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ വധഭീഷണി മുഴക്കി സ്വകാര്യബസ് ഡ്രൈവർ. ചാത്തന്നൂർ ട്രാൻ. ഡിപ്പോയിലെ ഡ്രൈവർ ചേരാനല്ലൂർ സ്വദേശി ടി.ആർ.രാജേഷിനെയാണ് ആദിച്ചനല്ലൂർ ഇടനാട് സ്വദേശി അനന്തു (28) ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10ന് വെളിയം ജംഗ്ഷനിലായിരുന്നു സംഭവം.
പാരിപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്. ഓയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു സ്വകാര്യബസ്. വെളിയം ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് ആളെ ഇറക്കുന്നതിനിടെ മുന്നിൽ കയറിയ സ്വകാര്യബസിൽ നിന്ന് അനന്തു ഇറങ്ങി കെ.എസ്.ആർ.ടി.സി ബസിനടുത്തേക്ക് വന്ന് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയുമായിരുന്നു. ഇതിനിടെ ഡോർ തുറക്കാനും ശ്രമിച്ചു.
രാജേഷിന്റെ പരാതിയിൽ അനന്തുവിനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുക്കുകയും തുടർന്ന് ജാമ്യത്തിൽ വിടുകയുമായിരുന്നു.