കൊല്ലം: ആശയറ്റവർക്ക് പ്രതീക്ഷ നൽകി ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ട് അഞ്ചാണ്ട് പൂർത്തീകരിച്ച് ആറാം വയസിലേക്ക്. 43 അന്തേവാസികളുമായി പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും കടബാദ്ധ്യതകളുടെ ഞെരുക്കമേറുകയാണ്.
ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയ നിത്യചെലവുകൾക്ക് പോലും വിഷമാവസ്ഥകളുള്ളതിനാൽ സുമനസുകളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ് ഈ മാതൃകാ അഭയകേന്ദ്രം. നിലവിലെ കടബാദ്ധ്യതകൾ കോടികളായി പെരുകിയതിനാൽ ചുവടുറപ്പിക്കാൻ പെടാപ്പാടുപെടുകയാണ് സമുദ്രതീരം ചെയർമാൻ എം.റുവൽ സിംഗും മറ്റ് സേവന പ്രവർത്തകരും.
2020 നവംബർ 1ന് കേരളപ്പിറവി ദിനത്തിൽ അഞ്ച് അന്തേവാസികളുമായിട്ടാണ് സമുദ്രതീരം പ്രവർത്തനം തുടങ്ങിയത്. വരുന്ന കേരളപ്പിറവി ദിനത്തിൽ ആറാം പിറന്നാൾ ആഘോഷത്തിനൊരുങ്ങുമ്പോഴും മുന്നോട്ടുപോക്ക് എങ്ങിനെയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വാങ്ങിയ ഭൂമികളൊക്കെ ബാങ്കുകളിൽ പണയംവച്ച് വായ്പയെടുത്തിരിക്കുകയാണ്. ചെലവിന്റെ വലിയൊരു ഭാഗം എല്ലാമാസവും കടം വാങ്ങിയാണ് വഹിക്കുന്നത്.
പുതിയ കെട്ടിടം പൂർത്തിയാക്കണം
ആൺ, പെൺ വിഭാഗങ്ങൾക്ക് പ്രത്യേകം കെട്ടിടങ്ങൾ വേണമെന്ന നിബന്ധന കർശനമാക്കിയതോടെ സമുദ്രതീരത്തിന് പുതിയ മന്ദിരത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കേണ്ടതുണ്ട്. സമുദ്രതീരത്തിന്റെ വിളിപ്പാടകലെ പതിനഞ്ചര ലക്ഷം രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഇതിൽ അഞ്ച് നിലകളുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. രണ്ട് ലക്ഷം രൂപ വീതം നാല്പത് സുമനസുകൾ സംഭാവന നൽകിയതാണ് കെട്ടിട നിർമ്മാണത്തിന്റെ മൂലധനം. നിർമ്മാണം തുടങ്ങി 21 മുറികളുള്ള രണ്ട് നില പൂർത്തിയായപ്പോഴേക്കും മൂന്നര കോടി രൂപയിലധികം ചെലവായി. ലിഫ്ടും സോളാർ പാനലും മാലിന്യ സംസ്കരണ സംവിധാനവും കൂടി ഏർപ്പെടുത്തിയാൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങാൻ കഴിയും. ഇക്കാര്യത്തിൽ വലിയ സഹായങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സി.എസ്.ആർ ഫണ്ടുകളടക്കം നാളിതുവരെ സമുദ്രതീരത്തിന് ലഭിച്ചിട്ടുമില്ല. കട്ടിലും ഫാനും ബെഡ് ഷീറ്റും അലമാരകളും കസേരകളും പാത്രങ്ങളും വീൽച്ചെയറുകളുമടക്കം ഒട്ടനവധിയായ സൗകര്യങ്ങൾ ഇവിടേക്ക് ആവശ്യമാണ്. വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും വിദ്യാലയങ്ങൾക്കുമടക്കം സ്പോൺസർ ചെയ്തുകൊണ്ട് സമുദ്രതീരത്തിനൊപ്പം ചേരാവുന്നതുമാണ്.
കാരുണ്യം ചൊരിയണം
കല്ലുവാതുക്കൽ സമുദ്രതീരം സെക്കുലർ ഓൾഡേജ് ഹോമിലേയ്ക്ക് സഹായം നൽകാവുന്നതാണ്. അക്കൗണ്ട് നമ്പർ: 12590200002521 (ഫെഡറൽ ബാങ്ക് കല്ലുവാതുക്കൽ ബ്രാഞ്ച്), ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001259. 80 ജി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് എഫ്.സി.ആർ.എ അക്കൗണ്ട് ലഭ്യമാണ്. ഫോൺ: 9446909911, 6235100020.