കൊല്ലം: കൊല്ലം ഫാത്തിമാ കോളേജിലെ കെ.എസ്.യു നേതാക്കളെ പുറത്ത് നിന്നെത്തിയ സംഘം ആക്രമിച്ചു. മുൻ കോളേജ് യൂണിയൻ ചെയർമാനും കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിയുമായ ജയ്സൺ ജർമിയാസ്, ജില്ലാ ജനറൽ സെക്രട്ടറി ആഷിൽ ജോർജ്, മുൻ വൈസ് ചെയർപേഴ്സൺ ഇന്ദു, കോളേജ് യൂണിറ്റ് ജനറൽ സെക്രട്ടറി ഗോകുൽ എന്നിവർക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസമായിരുന്നു ഇന്നലെ. പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്ന നേതാക്കളെ പുറത്ത് നിന്നെത്തിയ അമ്പതോളം പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സംഘം ഉണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇടപെട്ടില്ല. സംഘർഷം രൂക്ഷമായതോടെയാണ് പൊലീസ് പുറത്ത് നിന്നെത്തിയവരെ പിന്തിരിപ്പിച്ചത്.

പരിക്കേറ്റ കെ.എസ്.യു നേതാക്കൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എഫ്.ഐ ഡി.വൈ.എഫ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു. പരാജയ ഭീതി മൂലം തിരഞ്ഞെടുപ്പ് റദ്ദാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് എസ്.എഫ്.ഐ നേതൃത്വം ഫാത്തിമ കോളേജിൽ ആക്രമണം അഴിച്ചുവിട്ടതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ പറഞ്ഞു.