കൊട്ടാരക്കര: കാമ്പുള്ള ചർച്ചകളും നിർദ്ദേശങ്ങളും വിലയിരുത്തലുകളുമായി മന്ത്രി കെ.എൻ.ബാലഗോപാൽ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച 'വിഷൻ-2023' വികസന സെമിനാർ ശ്രദ്ധേയമായി. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ നടപ്പാക്കിയതും ഇനി നടത്തേണ്ടതുമായി വികസന പദ്ധതികളെപ്പറ്റിയാണ് പൊതുജനങ്ങളും മന്ത്രിയുമായി സംവദിച്ചത്.നഗരസഭ ചെയർപേഴ്സൺ കെ.ഉണ്ണിക്കൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ എൻ.ദേവീദാസ്, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, റവ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ, കെ.എസ്.ഇന്ദുശേഖരൻ നായർ, കെ.ആർ.ചന്ദ്രമോഹനൻ, പി.എ.എബ്രഹാം, പി.കെ.ജോൺസൺ, ജെ.രാമാനുജൻ, സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി എൻ.രവീന്ദ്രൻ, ഡോ.എസ്.അയൂബ്, ഗിരീഷ്, ബാജി, ഷിലു, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രഞ്ജിത്ത്, എ.അഭിലാഷ്, ഗ്രാമ-ബ്ളോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
കൊട്ടാരക്കര സ്വയംപര്യാപ്ത വികസന കേന്ദ്രമാകും: കെ.എൻ.ബാലഗോപാൽ
കൊട്ടാരക്കരയിൽ നാല് വർഷംകൊണ്ട് 1200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് രൂപംനൽകാൻ കഴിഞ്ഞതായി മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
മദ്ധ്യകേരളത്തിലെ പ്രധാന കേന്ദ്രമാണ് കൊട്ടാരക്കര. ആ നിലയിൽ രണ്ടാംനിര നഗരങ്ങളുടെ ഏറ്റവും മുൻനിരയിൽ കൊട്ടാരക്കരയെയും എത്തിക്കാനാകും. ആ ലക്ഷ്യത്തിനുതകുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതും, തുക അനുവദിച്ചിട്ടുള്ളതും. കൊട്ടാരക്കരയെ സ്വയംപര്യാപ്ത വികസന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിവിധ തലങ്ങളിലെ പ്രവർത്തനങ്ങളാണ് മുന്നേറുന്നത്. മികച്ച റോഡ് ശൃംഖലയും റെയിൽവേ കണക്ടിവിറ്റിയും കൊട്ടാരക്കരയ്ക്കുണ്ട്. അഭ്യസ്തവിദ്യരായ മനുഷ്യവിഭവ ശേഷിയും ധാരാളമുണ്ട്. ആ സാദ്ധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തും. എഡ്യൂക്കേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളടക്കം പലതും വിജയകരമായി മുന്നേറുകയാണ്. 2030 വരെയുള്ള വികസന ലക്ഷ്യങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്നും നിർദ്ദേശങ്ങൾ സമാഹരിക്കുകകൂടിയാണ് സെമിനാർ ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സൂചിപ്പിച്ചു.