കൊട്ടാരക്കര: തെരുവ് വിളക്ക് തെളിയാറുണ്ട്, എന്നാൽ കാട് മൂടി മറഞ്ഞതിനാൽ വെളിച്ചം പുറത്തേക്കെത്തുന്നില്ലെന്ന് മാത്രം . എം.സി റോഡരികിൽ കൊട്ടാരക്കര പുലമൺ കവലയ്ക്കും രവിനഗറിനും ഇടയിലുള്ള ഭാഗത്തെ തെരുവ് വിളക്കുകളാണ് കുറ്റിക്കാടിനുള്ളിൽ ഒളിച്ച് പ്രകാശിക്കുന്നത്. റോഡിന്റെ ഈ ഭാഗത്താണ് വാഹന പാർക്കിംഗിന് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. ഫീസ് വാങ്ങിയാണ് നഗരസഭ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നത്. സന്ധ്യ മയങ്ങിയാൽ ഈ ഭാഗം ഇരുട്ടിലാണ്.
നഗരസഭ കാണുന്നില്ലേ
തെരുവ് വിളക്കുകൾ പുറത്ത് കാണാനാകാത്ത വിധം വള്ളിപ്പടർപ്പുകളും കുറ്റിക്കാടുമായി മറഞ്ഞിട്ട് മാസങ്ങളായി. മൂന്ന് തെരുവ് ലിളക്കുകളിൽ രണ്ടെണ്ണം ദിവസവും വൈകിട്ടുമുതൽ പ്രകാശിക്കുന്നുണ്ട്. ഒരെണ്ണം തീർത്തും കണ്ണടച്ചു. തെളിയുന്നതിന്റെ വെളിച്ചം പുറത്തേക്ക് വരാത്തവിധമാണ് വള്ളിപ്പടർപ്പ് മറച്ചിരിക്കുന്നത്. നഗരസഭയ്ക്ക് ശുചീകരണ തൊഴിലാളികളേറെയുള്ളപ്പോഴാണ് പട്ടണത്തിന്റെ നടുവിൽ തെരുവ് വിളക്കുകളെ കുറ്റിക്കാട് മറയ്ക്കുന്നത്.