photo
കഴിഞ്ഞ ദിവസപം പത്തനാപുരം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ എത്തിയ പഞ്ചായത്ത് അംഗം അഡ്വ.എസ്.സജ്ഞുഖാനെ എ.ടി.ഒ. മർദ്ദിക്കാൻ ശ്രമിക്കുന്നു,

പത്തനാപുരം: കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലെ അപാകതകൾ ചൂണ്ടിക്കാണിക്കാനെത്തിയ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ.എസ്.സഞ്ജുഖാനെ എ.ടി.ഒ മർദ്ദിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചതിനെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും ഡിപ്പോ ഉപരോധവും നടത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസുമായി പ്രവർത്തകർ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രകടനത്തിന് നേതൃത്വം നൽകിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് പഞ്ചായത്ത് അംഗം അഡ്വ.എസ്. സഞ്ജുഖാനും പ്രവർത്തകരും ഡിപ്പോയിലെത്തിയത്. ഡിപ്പോ പരിസരത്തെ മാലിന്യങ്ങളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ നേതാക്കൾ, ചില ബസുകൾക്ക് ഫിറ്റ്നസും ഇൻഷ്വറൻസും ഇല്ലെന്നും ആരോപിച്ചു. ഈ ആരോപണങ്ങളിൽ എ.ടി.ഒ. പ്രകോപിതനാവുകയും പഞ്ചായത്ത് അംഗത്തെ മർദ്ദിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് നേതാക്കൾ ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ നെടുംപറമ്പിൽനിന്ന് പ്രതിഷേധ പ്രകടനമായി എത്തി പത്തനാപുരം ബസ് ഡിപ്പോ ഉപരോധിച്ചത്.

അറസ്റ്റ് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ.നജീബ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബാബു മാത്യു, പള്ളിത്തോപ്പിൽ ഷിബു, സുധീർമലയിൽ, ടി.എം.ബിജു, എം.ജെ.യദുകൃഷ്ണൻ, ബിജു വാഴയിൽ തുടങ്ങിയ നേതാക്കൾ മാർച്ചുകൾക്ക് നേതൃത്വം നൽകി.

ബസ് ഡിപ്പോ ഉപരോധിച്ചതിന് 9 പേർക്കെതിരെയും കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെയും കേസെടുത്തതായി പത്തനാപുരം പൊലീസ് അറിയിച്ചു.