പുനലൂർ: തുടർച്ചയായ അപകടങ്ങളെ തുടർന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി നിലനിന്നിരുന്ന പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ക്യാന്റീൻ ബസ് ഇന്നലെ ഉച്ചയോടെ നീക്കം ചെയ്തു. ഡിപ്പോയിൽ നടന്ന അപകടങ്ങളെക്കുറിച്ചും സ്ഥലപരിമിതിയെക്കുറിച്ചും ഗതാഗത വകുപ്പ് മന്ത്രി സന്ദർശിക്കാത്തതിനെക്കുറിച്ചും കേരളകൗമുദിയിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ, കഴിഞ്ഞ ഞായറാഴ്ച ഡിപ്പോയിലെ പുതിയ ബസുകളുടെ ഫ്ലാഗ് ഒഫ് ചടങ്ങിനെത്തിയ ഗതാഗത വകുപ്പ് മന്ത്രി, ക്യാന്റീൻ ബസ് ഉടൻ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
പ്രതിഷേധവും നിയമനടപടിയും
ക്യാന്റീൻ ബസ് പൊളിച്ചുമാറ്റിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സഹകരണ സംഘം അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കടക്കം ഇതിൽ പ്രതിഷേധമുണ്ട്. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സഹകരണ സംഘം മൂന്ന് വർഷമായി നടത്തിവന്ന ഈ ലഘുഭക്ഷണശാല, കഴിഞ്ഞ ജൂലായ് 1ന് ലൈസൻസില്ലെന്ന കാരണത്താൽ നഗരസഭ അധികൃതർ പൂട്ടിയിരുന്നു. ഡിപ്പോയുടെ മുന്നിൽ മൂന്ന് മാസം മുൻപുണ്ടായ അപകടങ്ങളെ തുടർന്നുള്ള പ്രതിഷേധമാണ് നഗരസഭയുടെ ഈ നടപടിക്ക് കാരണമായത്.
വൻ സാമ്പത്തിക നഷ്ടം
ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടും നഗരസഭ അനുമതി നൽകിയില്ലെന്ന് സംഘം അധികൃതർ പറയുന്നു. നഗരസഭ അധികൃതർ ക്യാന്റീൻ മറ്റൊരു ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഇത് പ്രായോഗികമല്ലെന്നും നഷ്ടമുണ്ടാക്കുമെന്നും പറഞ്ഞ് സംഘം തയ്യാറായില്ല.
കണ്ടം ചെയ്ത ബസ് രൂപമാറ്റം വരുത്തി, എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മൂന്നു വർഷം മുമ്പാണ് ഇവിടെ സ്ഥാപിച്ചത്.
ഇതിന്റെ വാടക ഇനത്തിൽ കോർപ്പറേഷന് പ്രതിമാസം 48,000 രൂപ ലഭിച്ചിരുന്നു. ഇത് കോർപ്പറേഷന് വലിയ വരുമാന നഷ്ടമുണ്ടാക്കി.
ഭക്ഷണശാല അടച്ചുപൂട്ടിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന 14 താത്കാലിക തൊഴിലാളികൾക്ക് (കെ.എസ്.ആർ.ടി.സിയിൽ ജോലി നഷ്ടപ്പെട്ടവർ) തൊഴിൽ നഷ്ടപ്പെട്ടു.
പ്രതിദിനം 30,000 രൂപയോളം ഇവിടെ കച്ചവടം നടന്നിരുന്നു.
നിലവിൽ ഡിപ്പോക്കുള്ളിൽ ഒരു ചായ കുടിക്കാൻപോലും സംവിധാനം ഇല്ല. ദീർഘദൂര യാത്രക്കാരും ബസ് ജീവനക്കാരും ബുദ്ധിമുട്ടിലാണ്.