tha

കൊല്ലം: കടയ്ക്കൽ ഇട്ടിവയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുടെ സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 എസ്.ഡി.പി.ഐ- പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് 14.9 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപവീതം പിഴയും ശിക്ഷവിധിച്ചു. കൊട്ടാരക്കര സബ് കോടതി ജഡ്ജ് എ.ഷാനവാസാണ് ശിക്ഷിച്ചത്. ഇട്ടിവ ചുണ്ടയിൽ അയിരൂർ അയണിവിള വീട്ടിൽ നൗഷാദിനെയാണ് (61) കൊലപ്പെടുത്താൻ ശ്രമിച്ചത്. മൂന്നാം പ്രതി തടിക്കാട് പൊങ്ങുമുകൾ ചരിവിള പുത്തൻവീട്ടിൽ റെജി(35), ഏഴാം പ്രതി ചക്കുവരയ്ക്കൽ പുല്ലിച്ചിറ അറഫാജ് മൻസിലിൽ സെയ്ഫുദ്ദീൻ(31), ആറാം പ്രതി ഇട്ടിവ ചുണ്ട കിഴക്കതിൽ വീട്ടിൽ സക്കീർ(41), എട്ടാം പ്രതി വെളിനല്ലൂർ അടയറ നസീർ മൻസിലിൽ നസീർഖാൻ(36) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം രണ്ട് വർഷംകൂടി അധിക തടവ് അനുഭവിക്കണം. നാലുപേരെ വെറുതെവിട്ടു.