
കൊല്ലം: വെൺപാലക്കര ശാരദ വിലാസിനി വായനശാല മുതൽ മണ്ണാനിക്കുളം ക്ഷേത്രം വരെ നീളുന്ന രണ്ടര കിലോമീറ്റർ റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി ചിതറിക്കിടക്കുന്ന റോഡിലൂടെയുള്ള കാൽനട യാത്രയും വാഹന യാത്രയും ദുസ്സഹമായി.
നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമാണ് റോഡിന് ഇരുവശത്തുമായി ഉള്ളത്. റോഡിന്റെ ദുരവസ്ഥ കാരണം ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാത്ത അവസ്ഥയാണ്. നാട്ടുകാർ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് മാസങ്ങൾക്ക് മുൻപ് നിർമ്മാണത്തിന് വേണ്ടി റോഡിൽ മെറ്റൽ നിരത്തി. നിലവിൽ ഇതും നാട്ടുകാർക്ക് തലവേദനയായി.
റോഡിൽ മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രികൾ അപകട ഭീഷണിയിലാണ്. പ്രായമായവരും കുട്ടികളും ഏറെ വലയുന്നു, വരും ദിവസങ്ങളിൽ മഴ ശക്തമായാൽ നിർമ്മാണം വീണ്ടും വൈകും.
മെറ്റിൽ കൊണ്ടിട്ടിട്ട് നാലുമാസത്തിൽ കൂടുതൽ ആകുന്നു. മെറ്റിൽ ഉറച്ചെങ്കിൽ മാത്രമേ നിർമാണം നടത്താൻ കഴിയൂ എന്നാണ് പറഞ്ഞിരുന്നത്. ഇതുവരെയും നടപടികൾ ഒന്നും ആയിട്ടില്ല
അജിത്ത് മുത്തോടം, എസ്.എൻ.ഡി.പി യോഗം 629-ാം നമ്പർ വെൺപലക്കര ശാഖ പ്രസിഡന്റ്