
കൊല്ലം: മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ഡിവിഷനിൽ എം.ആർ.എ നഗറിലെ കെ.പി. അപ്പൻ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് രണ്ടര വർഷമായിട്ടും തിരിഞ്ഞു നോക്കാൻ ആളില്ല. അഞ്ഞൂറോളം കുടുംബങ്ങൾ റോഡിന്റെ ഇരുവശത്തുമായി താമസിക്കുന്നുണ്ട്.
ഗതാഗത കുരുക്കിൽപ്പെടാതെ ചിന്നക്കടയിലേക്ക് ഉൾപ്പെടെ എത്താനായി ഉപയോഗിക്കുന്ന റോഡാണിത്. കോളേജ് ജംഗ്ഷനിലെ റെയിൽവേ ഗേറ്റ് കടന്ന് കെ.പി. അപ്പൻ റോഡിലേക്ക് തിരിയുന്ന ഭാഗം മുതൽ പലയിടങ്ങളും തകർന്ന് കിടക്കുകയാണ്. ഇവിടങ്ങളിൽ കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ചിതറിക്കിടക്കുന്നു. റോഡിലെ കോൺക്രീറ്റ് ഇളകി കുഴിയായ അവസ്ഥയാണിപ്പോൾ. വാഹനയാത്ര തീർത്തും ദുഷ്കരമായി. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ അപകട ഭീതിയിലാണ്. റോഡ് തകർന്നു കിടക്കുന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കും കാൽനട യാത്രപോലും ബുദ്ധിമുട്ടാണ്. പ്രദേശത്തെ സ്വകാര്യ സ്കൂളുകളിലേക്ക് ഉൾപ്പെടെ കുട്ടികളുമായി നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുർഗതി.
സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡ് നവീകരിച്ചതാണ്. പക്ഷേ, അധികം വൈകാതെ പഴയ സ്ഥിതിയിലേക്കെത്തി. ഇതിനിടെ അമൃത് പദ്ധതിക്കായി കുടിവെള്ള പൈപ്പ് ഇടാനും റോഡ് പൊളിച്ചു. ഇതോടെ ദുരിതം ഇരട്ടിയായി. മഴയിൽ ചെളിയും വെള്ളക്കെട്ടും നിറയുന്ന കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന്റെ തകർച്ചയും യാത്രക്കാരുടെ ദുരിതവും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല.
രണ്ടര വർഷത്തോളമായി റോഡിലൂടെയുള്ള യാത്രാ ദുരിതം തുടങ്ങിയിട്ട്. എത്രയുംവേഗം റോഡ് നന്നാക്കണം
ടി.എൻ. ത്യാഗരാജൻ , പ്രദേശവാസി
....................................
ആധുനിക നിലവാരത്തിലുള്ള ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ചർച്ച നടക്കുകയാണ്. വൈകാതെ നവീകരണം ആരംഭിക്കും
സജീവ് സോമൻ, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ