
കണ്ണനല്ലൂർ: കണ്ണനല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് 5 ആഴ്ച മുമ്പ് ആരംഭിച്ച പ്രവൃത്തികൾ ഒച്ചിഴയും പോലെ. പകൽ മാത്രമാണ് നിലവിൽ പൊളിച്ചു മാറ്റൽ നടക്കുന്നത്. ധാരാളം വാഹനങ്ങൾ രാത്രി വൈകും വരെ സഞ്ചരിക്കുന്ന ജംഗ്ഷനിൽ അപകടങ്ങൾ ഭയന്നാണ് വളരെ സാവധാനത്തിൽ പൊളിക്കൽ നടത്തുന്നത്.
പൊളിക്കുന്ന ചില കടകളുടെ ഷട്ടറുകൾ, ഇരുമ്പു ഭാഗങ്ങൾ എന്നിവ മാത്രമാണ് നീക്കം ചെയ്തത്. ഭിത്തികൾ പൊളിക്കുന്നത് ആരംഭിച്ചിട്ടേയില്ല. വാഹനങ്ങൾ കുറവുള്ള സമയങ്ങളിൽ പൊളിക്കണ്ടവയാണ് മിക്കതും. ഇവ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് രാത്രി വേഗം പൊളിക്കാൻ കരാർഏറ്റെടുത്തവർക്ക് കഴിഞ്ഞിട്ടില്ല. പൊതു മരാമത്ത് വകുപ്പിന് കീഴിലെ കെ.ഡി.ആർ.ബിക്കാണ് കണ്ണനല്ലൂർ ജംഗ്ഷൻ വികസനത്തിന്റെ നിർമ്മാണ ചുമതലയും പൊളിക്കൽ ഉത്തരവദിത്വവും.
ഏറ്റെടുത്ത കെട്ടിടങ്ങൾ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ വഴിയാണ് ഇ ടെൻഡർ നടപടികൾ സെപ്തംബറിൽ പൂർത്തിയാക്കിയത്. തിരുവനന്തപുരം ആസ്ഥാനമായ ഫർണിച്ചർ കമ്പനി 36 ലക്ഷം രൂപയ്ക്കാണ് പൊളിച്ചു മാറ്റൽ കരാർ മാത്രം ഏറ്റെടുത്തത്. ഓണത്തിന് മുൻപുതന്നെ പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഓണം കഴിയുന്നതുവരെ കച്ചവട സ്ഥാപനങ്ങൾക്ക് വേണ്ടി പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുകയായിരുന്നു. ഒക്ടോബർ 13നകം മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്നാണ് കരാറെങ്കിലും പ്രവൃത്തികൾ ഇഴയുന്നത് ആശങ്ക സൃഷ്ടിക്കുന്നു.