കരുനാഗപ്പള്ളി: ചർക്ക തിരിച്ചും നൂൽനൂറ്റും മഹാത്മാഗാന്ധിയുടെ ജീവിതം മനസിൽ ഉറപ്പിച്ചും കുട്ടികൾ ഗാന്ധി കലോത്സവത്തിൽ പങ്കെടുത്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ ടൗൺ എൽ.പി സ്കൂളിൽ ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം, വിവിധ ചർക്കകളുടെ പ്രദർശനം,ഗാന്ധി സാഹിത്യകൃതികളുടെ പ്രദർശനം,കലാ മത്സരങ്ങൾ എന്നിവ ഗാന്ധി കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഗാന്ധിദർശൻ പരിപാടിയുടെ ഭാഗമായി ലോക സമാധാനത്തിനായി ഗാന്ധി ചിത്രത്തിന് മുന്നിൽ കുട്ടികൾ ചേർന്ന് മൺചിരാത് തെളിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യാതിഥിയായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ്കമ്മിറ്റി അംഗം സുരേഷ് വെട്ടുകാട്, ടൗൺ എൽ.പി സ്കൂൾ എസ്.എം.സി ചെയർമാൻ പ്രവീൺ മനയ്ക്കൽ,സബർമതി ഗ്രന്ഥശാല ഭാരവാഹികളായ വി.ആർ.ഹരികൃഷ്ണൻ,രാജേഷ് പുലരി,ഷീബ,ധ്യാൻജിത്ത് മിഷ,ബിന്ദു വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ ഗാന്ധി കലോത്സവത്തിൽ പങ്കെടുത്തു.