കൊല്ലം: കൊല്ലം തോടിന് കുറുകെ മുണ്ടയ്ക്കലിൽ നിർമ്മിക്കുന്ന പുതിയ പാലം നിർമ്മിക്കുന്നതിന് ഒന്നരമാസത്തിനകം ടെണ്ടർ ക്ഷണിക്കും. 2021ലെ ഡി.എസ്.ആർ നിരക്ക് പ്രകാരം പരിഷ്കരിച്ച പാലത്തിന്റെ 9.27 കോടിയുടെ പുതിയ എസ്റ്റിമേറ്റിന് സർക്കാർ അംഗീകാരം നൽകി.
പുതിയ പാലത്തിന്റെ രൂപരേഖ സാങ്കേതികാനുമതി ലഭിക്കുന്നതിന് പിന്നാലെയാകും ടെണ്ടർ ക്ഷണിക്കുക. നാല് മാസത്തിനകം നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. നിർമ്മാണത്തിനുള്ള കരാർ ഒപ്പിടുന്നതിന് പിന്നാലെ നിലവിലെ പാലം പൊളിച്ചുനീക്കും. മാസങ്ങൾക്ക് മുമ്പേ സാങ്കേതികാനുമതിക്കുള്ള നടപടികളാരംഭിച്ചതിന് പിന്നാലെയാണ് ഡി.എസ്.ആർ നിരക്ക് പരിഷ്കരിച്ചത്. ഇതോടെയാണ് പുതിയ ഡി.എസ്.ആർ പ്രകാരം എസ്റ്റിമേറ്റ് പരിഷ്കരിച്ചത്.
മുണ്ടയ്ക്കൽ പാലം സ്ഥിതി ചെയ്യുന്നിടത്ത് തോടിന് 14.5 മീറ്റർ വീതിയേ ഇപ്പോഴുള്ളു. ഉയരം നാല് മീറ്ററും. തോടിന് 19 മീറ്റർ വീതി ലഭിക്കുന്നതിന് പുറമേ ജലനിരപ്പിൽ നിന്ന് അഞ്ച് മീറ്റർ ഉയരത്തിലാകും പുതിയ പാലം നിർമ്മിക്കുക. ഇപ്പോഴത്തെ സിംഗിൾ ലൈൻ പാലത്തിന് കഷ്ടിച്ച് മൂന്നര മീറ്റർ വീതിയേയുള്ളു. 10.5 മീറ്റർ വീതിയിലാകും പുതിയ പാലം. 7.5 മീറ്റർ വീതിയിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ രണ്ടുവരി പാതയും ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാതയുമുണ്ടാകും.
ജലപാതയിൽ സുഗമ ഗതാഗതം
വെസ്റ്റ് കോസ്റ്റ് കനാലിന്റെ നവീകരണം വൈകാതെ പൂർത്തിയാകുന്നതിന് പിന്നാലെ കൊല്ലം തോട് വഴി ജലഗതാഗതം ആരംഭിക്കും. നിലവിലെ ഉയരം കുറഞ്ഞ പാലം ജലപാത വഴിയുള്ള വലിയ യാനങ്ങളുടെ ഗതാഗതത്തിന് തടസമാണ്. ഈ പരിമിതി മറികടക്കാനാണ് മുണ്ടയ്ക്കൽ പാലം പൊളിച്ച് പുതിയത് നിർമ്മിക്കുന്നത്.