ചവറ : ദേശീയ പാത വികസനത്തിനായി പകുതി പൊളിച്ച ഒരു സ്വകാര്യ കെട്ടിടം അപകട ഭീഷണി ഉയർത്തിയിട്ടും ശേഷിക്കുന്ന ഭാഗം പൊളിച്ചുമാറ്റാത്തതിൽ ചവറയിൽ വ്യാപക പരാതി. ചവറ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥലത്താണ് കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ഏത് നിമിഷവും നിലംപൊത്താവുന്ന രീതിയിൽ നിൽക്കുന്നത്. കെട്ടിടം സ്ഥിതി ചെയ്യുന്നതിന്റെ കിഴക്ക് ഭാഗത്തുകൂടി ഒ.എൻ.വി.യുടെ പേരിലുള്ള പാത കടന്നുപോകുന്നുണ്ട്. ഈ പാതയിലൂടെയും ബസ് സ്റ്റാൻഡിന് സമീപത്തുകൂടിയും സ്‌കൂൾ കുട്ടികളുൾപ്പെടെയുള്ള ധാരാളം യാത്രക്കാരും വാഹനങ്ങളുമാണ് ദിനംപ്രതി കടന്നുപോകുന്നത്. കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികൾ വെളിയിൽ കാണത്തക്ക വിധം കെട്ടിടം ജീർണിച്ച നിലയിലാണ്. ശക്തമായ മഴ പെയ്താൽ കെട്ടിടം തകരാനുള്ള സാദ്ധ്യത കൂടുതലാണ്.
ദേശീയ പാത അതോറിട്ടിയുടെ
കത്ത് അവഗണിച്ച് പഞ്ചായത്ത്
അപകട ഭീഷണിയുള്ള കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാത അതോറിട്ടി വിഭാഗം ചവറ പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്തിന്മേൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പഴയ കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാൻ സാധിക്കുമെങ്കിലും ബന്ധപ്പെട്ടവർ അതിന് തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം. കാലവർഷം ശക്തമാകുന്നതിനു മുൻപ് കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കിൽ അത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.