കൊല്ലം: ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാൻ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ പറഞ്ഞു. ഐ.എം.എ കൊല്ലം ബ്രാഞ്ചിന്റെ പുതിയ അമരക്കാരുടെ സ്ഥാനമേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്കും പാവങ്ങൾക്കും ആശ്രയമായിരുന്ന ഇടത്തരം- ചെറുകിട സ്വകാര്യ ആശുപത്രികളുടെ എണ്ണം കേരളത്തിൽ കുത്തനെ ഇടിയുകയാണ്. ഇവയെ സംരക്ഷിക്കാൻ 15 കിടക്കകൾ വരെയുള്ള ആശുപത്രികളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അംഗങ്ങളുടെ കൂട്ടായ്മയും പിന്തുണയും കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ ഭരണസമിതിക്ക് കാഴ്ച വയ്ക്കാനായെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന കൊല്ലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി.ചന്ദ്രസേനൻ പറഞ്ഞു. ചെറുകിട- ഇടത്തരം ആശുപത്രികളുടെ സംരക്ഷണത്തിനായി ഐ.എം.എ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നും കൂട്ടായ്മകളിലൂടെ സമാനതകളില്ലാത്ത മുന്നേറ്റമാണ് സംഘടനയ്ക്കുണ്ടായതെന്നും പുതിയ ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് മുൻ ദേശീയ പ്രസിഡന്റ് ഡോ. എ.മാർത്താണ്ഡൻപിള്ള പറഞ്ഞു.
പുതിയ പ്രസിഡന്റായി ഡോ.ജിനരാജ് സാംബശിവൻ, സെക്രട്ടറിയായി ഡോ. വിനോദ് ജോർജ് ഫിലിപ്പ്, ട്രഷററായി ഡോ. മുഹമ്മദ് നഹാസ്.എൻ എന്നിവർ ചുമതലയേറ്റു. സംഘടനയ്ക്ക് മികച്ച പിന്തുണ നൽകിയവരെ ഡോ. പി.ചന്ദ്രസേനൻ ആദരിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അലക്സ് ഫ്രാങ്ക്ളിൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. രവികുമാർ, ഡോ. സിനി പ്രിയദർശിനി, ഡോ. ജിനരാജ് സാംബശിവൻ, ഡോ. വിനോദ് ജോർജ് ഫിലിപ്പ്, ഡോ. റോയി ഇമ്മാനുവൽ, ഡോ. ദീപ്തി പ്രേം, ഡോ. മോഹിനി അലക്സാണ്ടർ, ഡോ. അനീഷ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.