കരുനാഗപ്പള്ളി : നൂറ്റാണ്ടിലേറെ പഴക്കമുള്ള കരുനാഗപ്പള്ളി ഗവ.മുസ്ലിം എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.80 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ചതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. നിലവിൽ നൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ബി.ആർ.സിയുടെ ഓട്ടിസം സെന്ററും ഈ സ്കൂളിന്റെ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുനീക്കേണ്ടി വന്നതിനാൽ നിലവിൽ ക്ലാസുകൾ നടത്തുന്നതിന് സ്കൂളിന് വലിയ അസൗകര്യം നേരിട്ടിരുന്നു. സി.ആർ. മഹേഷ് എം.എൽ.എ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടത്തിനായി തുക അനുവദിച്ചത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഭരണാനുമതി ലഭിച്ചതിനാൽ ഉടൻ സാങ്കേതിക അനുമതി ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.