d

കൊട്ടിയം: വിപണിയിൽ കാൽ കോടിയോളം രൂപ വിലവരുന്ന 295 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. നെടുമ്പന മുട്ടക്കാവ് സാബിർ മൻസിൽ സാബിർ ആറൂഫ് തങ്ങൾ (39), മുട്ടയ്ക്കാവ് നജുമാ മൻസിലിൽ നജ്മൽ (27) എന്നിവരാണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി സാബിർ അറൂഫിന്റെ ഉമയനല്ലൂർ മൈലൂപ്പുരുള്ള വാടക വീടിന് മുന്നിൽ നിന്നുമാണ് ഇന്നലെ പുലർച്ചെ മൂന്നോടെ ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ ഡിവൈ.എസ്.പി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫ് സംഘവും സാബിർ അറൂഫിനെയും സുഹൃത്തക്കളെയും നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ സാബിറും നജ്മലും മറ്റ് രണ്ടുപേരും ബംഗളൂരുവിലേക്ക് പോയതായി മൂന്ന് ദിവസം മുമ്പ് വ്യക്തമായി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നിരീക്ഷിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ഇവർ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായറിഞ്ഞു. തുടർന്ന് നാലുപേരുടെയും വീടിന് സമീപം ഞായറാഴ്ച വൈകിട്ട് മുതൽ പൊലീസ് മഫ്തിയിൽ നിലയുറപ്പിച്ചു.

d

മൈലാപ്പൂരിലെ വീടിന് മുന്നിൽ പ്രതികൾ എത്തിയതിന് പിന്നാലെ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിന്റെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു എം.ഡി.എം.എ. ചോദ്യം ചെയ്യലിൽ ഇവർക്ക് എം.ഡി.എം.എ കൈമാറിയവരെ കുറിച്ചും ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിച്ചു.

ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന് പുറമേ പാരിപ്പള്ളി സി.ഐ നിസാർ, ഡാൻസാഫ് എസ്.ഐ സായി സേനൻ, നിഥിൻ നളൻ, കണ്ണൻ, സി.പി.ഒമാരായ പ്രജീഷ്, അനൂപ്, ഷെഫീക്ക്, ബൈജു ജെറോം എന്നിവരുമടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.