ഓച്ചിറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയപ്പോൾ പ്രവർത്തകരെ ആശങ്കയിലാക്കി കരുനാഗപ്പള്ളിയിൽ സി.പി.എം സംഘടനാ നടപടിയിലേക്ക്. കഴിഞ്ഞ സംഘടനാ സമ്മേളനങ്ങളോടനുബന്ധിച്ചുണ്ടായ വിഭാഗീയത തെരുവിലേക്കിറങ്ങിയപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ജില്ലാ കമ്മിറ്റി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിടുകയും ചേരിതിരിഞ്ഞ് മത്സരം നടത്തിയ ഏഴ് ലോക്കൽ സമ്മേളനങ്ങൾ റദ്ദ് ചെയ്തതും.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മനോഹരന്റെ നേതൃത്വത്തിലുള്ള ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ കരുനാഗപ്പള്ളിയിലെ ചുമതലകൾ ഏല്പിച്ചു. കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടത്തണ്ടെന്ന് തീരുമാനിച്ചതിനാൽ ഇവിടെ നിന്ന് ജില്ലാ, സംസ്ഥാന, അഖിലേന്ത്യാ സമ്മേളനങ്ങളിൽ പ്രതിനിധികളും ഉണ്ടായില്ല. ജില്ലാ കമ്മിറ്റിയിൽ കരുനാഗപ്പള്ളിയിൽ നിന്ന് ഉണ്ടായിരുന്ന നാലുപേരെയും ഒഴിവാക്കിയപ്പോൾ കരുനാഗപ്പള്ളിയിൽ നിന്നുമുള്ള സൂസൻ കോടിക്ക് സംസ്ഥാന കമ്മിറ്റി അംഗത്വവും നഷ്ടമായി.

പുനഃസംഘടന നീണ്ടതോടെ പ്രവർത്തകരിൽ നിരാശയും അമർഷവും പടർന്നു. മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ ജില്ലാ കമ്മിറ്റിയിയിൽ പൊട്ടിത്തെറിച്ചതിന് ശേഷം സംസ്ഥാന കമ്മിറ്റി ഇടപെട്ട് വിഷയം ചർച്ച ചെയ്തെങ്കിലും അഡ്ഹോക്ക് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ കൂട്ടിച്ചേർക്കലുകൾ നിർദ്ദേശിച്ചിരുന്നു. ഈ ഞായറാഴ്ച കൂടിയ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അഡ്ഹോക്ക് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു. അച്ചടക്കം ലംഘനം നടന്ന ലോക്കൽ കമ്മിറ്റികൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ ചേരാനും തുടർന്ന് അച്ചടക്കലംഘനം നടത്തിയ പാർട്ടിഅംഗങ്ങൾ ഉൾപ്പെടുന്ന ബ്രാഞ്ച് കമ്മിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ സാന്നിദ്ധ്യത്തിൻ കൂടി അച്ചടക്ക ലംഘനം നടത്തിയവരുടെ വിശദീകരണം കേൾക്കാനും തീരുമാനിക്കുകയായിരുന്നു.

ലോക്കൽ കമ്മിറ്റികൾ ഇന്ന്

കൂടുതൽ അംഗങ്ങൾക്ക് നടപടിക്ക് സാദ്ധ്യതയുള്ള കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റിയും ബന്ധപ്പെട്ട ബ്രാഞ്ച് കമ്മിറ്റികളും ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹന്റെ സാന്നിദ്ധ്യത്തിൽ ചേരും. കല്ലേലിഭാഗത്ത് ജോർജ് മാത്യു, ക്ലാപ്പന എക്സ്.എണസ്റ്റ്‌, ആലപ്പാട് സേതുമാധവൻ, തൊടിയൂർ എം.ശിവശങ്കരപ്പിള്ള എന്നിങ്ങനെ അഞ്ച് ലോക്കൽ കമ്മിറ്റികളിലും അവിടങ്ങളിലെ ബന്ധപ്പെട്ട ബ്രാഞ്ച് കമ്മിറ്റികളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് ചേരും. അതിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 15ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും കൂടി അച്ചടക്ക നടപടി തീരുമാനിക്കും. പുതിയ ഏരിയാ കമ്മിറ്റിക്കും രൂപം നൽകും. ഏരിയാ സെക്രട്ടറി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നുള്ളയാൾ ആയിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തിൽ നടപടികൾ എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പ്രവർത്തകർ.