fggbn
1. പുനലൂർ ടി.ബി ജംഗ്ഷന് സമീപത്തെ നഗരസഭ വക നെഹ്റു മെമ്മോറിയൽ റസ്റ്റ് ഹൗസ് . 2. പില്ലർ ദ്രവിച്ച് കമ്പികൾ പുറത്ത് പുറത്ത് കാണപ്പെട്ട നിലയിൽ

പുനലൂർ: പുനലൂർ ടി.ബി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള നെഹ്റു മെമ്മോറിയൽ റസ്റ്റ് ഹൗസ് ബിൽഡിംഗ് അപകടാവസ്ഥയിലായി. കെട്ടിടം അടിയന്തരമായി സംരക്ഷിച്ചു നിറുത്തിയില്ലെങ്കിൽ വലിയ ദുരന്തത്തിന് കാരണമായേക്കുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. വർഷങ്ങളായി ശരിയായ അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കെട്ടിടത്തിന്റെ തൂണുകൾ ദ്രവിച്ച് കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. ഭിത്തികളിൽ ആൽമരം കിളിർത്ത് വേരുകൾ ഇറങ്ങി, കട്ടകളുടെ പുറത്തുള്ള സിമന്റ് ഭാഗങ്ങൾ ഇളകിമാറി അപകടകരമായ സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു.

15-ഓളം സ്ഥാപനങ്ങൾ

അപകടാവസ്ഥയിലായ ഈ കെട്ടിടത്തിൽ നിലവിൽ പതിനഞ്ചോളം വ്യാപാര സ്ഥാപനങ്ങളും മറ്റ് ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. ലോട്ടറി ഓഫീസ്, ദന്തൽ ഹോസ്പിറ്റൽ, വിവിധ പാർട്ടികളുടെ ഓഫീസുകൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ആയുർവേദ ആശുപത്രി മൂന്ന് വർഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയിരുന്നു.

അധികൃതർക്ക് മൗനം

കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് വാടക ഇനത്തിൽ നല്ലൊരു തുക നഗരസഭയ്ക്ക് വർഷം തോറും ലഭിക്കുന്നുണ്ട്. കൂടാതെ, അറ്റകുറ്റപ്പണികൾക്കായി ഫണ്ടുകൾ നഗരസഭയ്ക്ക് ഉണ്ടായിട്ടും അധികാരികൾ ഈ വിഷയം അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. കെട്ടിടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അധികാരികൾ കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

കുറഞ്ഞ നിരക്കിൽ

തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് പുനലൂരിൽ എത്തുന്ന വ്യാപാരികൾക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ഒരുക്കുക, മുൻവശത്തെ മുറികൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1983-ൽ നഗരസഭ നെഹ്റു മെമ്മോറിയൽ റസ്റ്റ് ഹൗസ് ബിൽഡിംഗ് പണികഴിപ്പിച്ചത്.