പത്തനാപുരം: പക്ഷാഘാതം തളർത്തിയ ജമീലയ്ക്ക് കരുതലായി പത്തനാപുരം ഗാന്ധിഭവൻ. ആലപ്പുഴ പുതുവൻ പുരേടത്ത് ജമീല (68)ക്കാണ് ഗാന്ധിഭവന്റെ ഇടപെടലിൽ പുതുജീവിതം ലഭിച്ചത്.
ഭർത്താവ് അബ്ബാസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആദ്യ ബന്ധത്തിൽ ഉണ്ടായ മക്കളെയും തന്റെ ഏക മകൻ സുധീറിനെയും ഒരുപോലെ സ്‌നേഹിച്ചു വളർത്തുകയായിരുന്നു ജമീല. സാമ്പത്തിക പ്രതിസന്ധി ജീവിതത്തെ ബാധിച്ചപ്പോൾ പ്രവാസജീവിതം തിരഞ്ഞെടുത്ത ജമീല പത്തുവർഷത്തോളം ഗൾഫിലായിരുന്നു.
ഇതിനിടയിൽ പ്രൈവറ്റ് കമ്പനിയിൽ മെക്കാനിക്കായ മകൻ സുധീറിന്റെ വിവാഹവും കഴിഞ്ഞു. വിദേശ വാസം ഉപേക്ഷിച്ച് ജമീല നാട്ടിൽ തിരികെ എത്തിയപ്പോഴേക്കും മകൻ വിവാഹ മോചനം നേടിയിരുന്നു. 2 വർഷം മുമ്പാണ് ജമീലയ്ക്ക് പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് പോയത്. നിത്യേന രാവിലേ ജമീലയെ കുളിപ്പിച്ച് ഭക്ഷണവും നൽകിയ ശേഷമാണ് സുധീർ ജോലിക്ക് പോകുന്നത്. വൈകീട്ട് വീട്ടിൽ തിരിച്ചെത്തുന്ന തുവരെ ബന്ധുക്കളും അയൽക്കാരുമാണ് ജമീലക്ക് കൂട്ടിരിക്കുന്നതും ആഹാരം വാരികൊടുക്കുന്നതും
സുമനസുകളുടെ സഹായത്താൽ ജീവിച്ചു പോകുന്ന ജമീലയുടെ ദയനീയാവസ്ഥ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ എം.എൽ. എയുമായ എ.എ. ഷുക്കൂറാണ് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ ശ്രദ്ധിയിൽപ്പെടുത്തിയത്. തുടർന്ന് ഗാന്ധിഭവൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ജമീലയെ ഭാരവാഹികൾ ഏറ്റെടുക്കുകയായിരുന്നു. തന്റെ അമ്മയെ ഉപേക്ഷിച്ച് പോവുക അല്ലെന്നും എല്ലാ മാസവും ഗാന്ധിഭവനിലെത്തി അമ്മയെ കാണുമെന്നും ആവശ്യമായ മരുന്നുകൾ എത്തിച്ചു തരുമെന്നും മകൻ സുധീർപറഞ്ഞു.
പക്ഷാഘാതം തളർത്തിയ ജമീലയെ ഗാന്ധിഭവൻ ഏറ്റെടുക്കുന്നു