ചവറ: പന്മന കണ്ണൻ കുളങ്ങര പഞ്ചവൻ ജംഗ്ഷനിലെ കലുങ്ക് പുനർ നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് പന്മന കണ്ണൻകുളങ്ങര നിവാസികൾ. നാളുകളായി ജനങ്ങൾ അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് മനസിലാക്കിയ വാർഡ് അംഗം ഷംനാ റാഫി, തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.
ദുരിതത്തിന് അറുതി
പണി പൂർത്തിയാകുന്നതോടെ ശക്തമായ മഴ പെയ്താലും വെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകും. മുൻപ് ചെറിയ മഴ പെയ്താൽ പോലും സമീപത്തെ പ്രദേശങ്ങൾ വെള്ളത്തിലാകുമായിരുന്നു. കൂടാതെ, വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നത് കാൽനട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ ദുരിതങ്ങൾക്കാണ് ഇതോടെ അറുതിയാകുന്നത്.
കലുങ്കിന് മുകളിലുള്ള സ്ലാബ് മാറ്റിയ ശേഷം, പഴയ പൈപ്പ് നീക്കം ചെയ്യും. തുടർന്ന് ഇരുവശത്തും ഉയർന്നു കിടന്ന മണ്ണും മറ്റ് തടസങ്ങളും യന്ത്രം ഉപയോഗിച്ച് നീക്കി വെള്ളം ഒഴുകിപ്പോകാൻ വഴി ഒരുക്കും.
അവിടെ പൂർണമായും കോൺക്രീറ്റ് ചെയ്ത് സൈഡ് കെട്ടി വൃത്തിയാക്കി, കാലങ്ങളോളം ഈട് നിൽക്കുന്ന രീതിയിൽ സ്ലാബ് സ്ഥാപിക്കാനാണ് തീരുമാനം.
ഷംനാ റാഫി
വാർഡ് അംഗം