കൊല്ലം: അമിത വേഗതയിൽ അശ്രദ്ധമായി ഹെൽമറ്റ് ധരിക്കാതെത്തിയ ബൈക്ക് യാത്രികനെതിരെ നടപടിയെടുക്കാൻ ശ്രമിച്ച എസ്.ഐയെ ആക്രമിച്ചവരെ റിമാൻഡ് ചെയ്തു. അഞ്ചൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ പ്രജീഷ്കുമാറിന് നേരെയാണ് കൈയേറ്റം നടന്നത്. സംഭവത്തിൽ അഞ്ചൽ പനയഞ്ചേരി നിലാവിൽ സുരാജ്, ഇയാളുടെ മക്കളായ അബ്ദുള്ള സുരാജ്, അഹമദ് സുരാജ് എന്നിവരാണ് റിമാൻഡിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചൽ ബൈപ്പാസിൽ ആയിരുന്നു സംഭവം. സെന്റ് ജോർജ് സ്കൂൾ ഭാഗത്തേക്ക് ഹെൽമെറ്റ് ധരിക്കാതെ അമിത വേഗതയിൽ ബൈക്കിൽ വന്ന ഒന്നാം പ്രതി അഹമ്മദ് സുരാജിനെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം നിറുത്തിച്ച് നടപടിക്കൊരുങ്ങവേ ഇയാൾ എസ്.ഐയെ അസഭ്യം പറഞ്ഞു. അതിനിടയിൽ സമീപത്തെ കടയിൽ നിന്ന് എത്തിയ സുരാജും അബ്ദുള്ള സുരാജും ചേർന്ന് എസ്.ഐ പ്രജീഷ് കുമാറിനെ പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
എസ്.ഐയുടെ ഇടതു കൈക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നീട് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. കൈയേറ്റം ചെയ്യുക, അസഭ്യം വിളിക്കുക, ഔദ്യോഗിക കൃത്യനിർവാഹണം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.