കൊല്ലം: തൃക്കോവിൽവട്ടം പഞ്ചായത്തിലെ കണ്ണനല്ലൂർ ചേരീക്കോണം വാർഡിലെ തലച്ചിറ നഗറിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. 2 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടെ 6 പേർ തിരുവനന്തപുരത്തെ വിവിധ ആശുപ്രതികളിൽ ചികിത്സയിലാണ്.
ഏപ്രിൽ 19 നാണ് ഇവിടെ ആദ്യം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്നത്. അന്ന് രോഗം ബാധിച്ച്, മുരളി-ശ്രീജ ദമ്പതികളുടെ മക്കളായ മീനാക്ഷി (19), നീതു (17) എന്നിവർ മരണമടഞ്ഞു. 6 മാസത്തിനിടെ 90 പേർക്കാണ് പ്രദേശത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
10 ഏക്കറോളം വരുന്ന് സ്ഥലത്ത് 200 കുടുംബങ്ങളാണ് താമസിക്കുന്നത്. ചരിഞ്ഞ് കിടക്കുന്ന സ്ഥലത്തെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവരിലാണ് രോഗം കൂടുതലായും റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തെ വെള്ളം മലിനമാണെന്ന് ആരോഗ്യവിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും വാഹനം പ്രധാന റോഡു വരെ മാത്രമേ വരാറുള്ളു. അതിനാൽ നഗറിന് ഉള്ളിലുള്ള വീട്ടുകാർ ഈ വെള്ളം ശേഖരിക്കാൻ എത്തില്ല. അതിനാൽ പലരും ഇവിടത്തെ കിണറുകളിലെ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ വെള്ളം പലതവണ അണുവിമുക്തമാക്കിയെങ്കിലും ഉറവ വരുന്നതിനാൽ മണിക്കൂറുകൾക്കുള്ളിൽ മലിനമാകും. ചതുപ്പ് നിലത്തോട് ചേർന്ന് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടിയായില്ല
വെറുതേ ഒരു വാഗ്ദാനം
ശുദ്ധമായ കുടിവെള്ളം എത്തിക്കാമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ഉറപ്പ് നൽകിയിരുന്നെങ്കിലും പ്രാവർത്തികമായിട്ടില്ല. നഗറിന് സമീപം സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള ടാങ്കിന്റെ പ്രവർത്തനം നിലച്ചത് മൂലം വീടുകളിലേക്കുള്ള കണക്ഷൻ പലതും നശിച്ചിരുന്നു. പുതിയ ടാങ്ക് പട്ടികജാതി വികസന വകുപ്പ് വാങ്ങി നൽകിയെങ്കിലും വീടുകളിലേക്കുള്ള ടാപ്പുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ഇത് വൈകുന്നതാണ് പ്രധാനവെല്ലുവിളി. എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് പൊതുടാപ്പ് നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഇവിടത്തെ ജലസ്രോതസ്സുകൾ പൂർണ്ണമായും മലിനമാണ്. നിരന്തരം ക്ലോറിനേഷൻ നടത്തുന്നുണ്ടെങ്കിലും ഈ വെള്ളം ഉപയോഗിക്കാതിരിക്കുകയാണ് ശാശ്വത പരിഹാരം. ഇവിടെ നിന്നു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്ക് വിശദമായ ലാബ് പരിശോധനകൾ നടത്തി പ്രാഥമിക ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫിസിഷ്യന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും
ഡോ.ശ്രീഹരി, ഡെപ്യൂട്ടി ഡി.എം.ഒ
..................................
പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാദ്ധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തലച്ചിറ നഗറിലുള്ളവർക്ക് പ്രത്യക പരിഗണന നൽകി ആരോഗ്യ കേന്ദ്രം വഴി മരുന്നുകൾ എത്തിക്കുകയും ബ്ലഡ് ടെസ്റ്റ് നടത്തുകയും ചെയ്യുന്നുണ്ട്. പുനരധിവാസത്തിന് സർക്കാരിന്റെ നിർദ്ദേശം തേടി കത്ത് നൽകിയിട്ടുണ്ട്. മറുപടി ലഭിക്കുന്നതിനനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കും
ജി.എസ്.സിന്ധു, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ്