കുണ്ടറ: നാല് ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നവുമായി മദ്ധ്യവയസ്കൻ പിടിയിൽ. മുളവന വിജീഷ് ഭവനിൽ വിജയരാജനാണ് (59) കുണ്ടറ പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ വിദ്യാർത്ഥികൾക്ക് പുകയില ഉത്പന്നം വിൽക്കുന്നതിനിടെ മുളവന പൊട്ടിമുക്കിലുള്ള വിജയരാജിന്റെ കടയിൽ നിന്നായിരുന്നു പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് വിജയരാജൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കടയിലും സമീപപ്രദേശത്ത് നടത്തിയ പരിശോധനയിലും എട്ട് ചാക്കോളം പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. കുണ്ടറ എസ്.ഐ അഖിൽ വസന്ത്, കൺട്രോൾ റൂം എ.എസ്.ഐ ഷാനവാസ്, സി.പി.ഒമാരായ അരുൺ, വിഷ്ണുരാജ്, റിയാസ് ശ്രീജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.