ഓച്ചിറ: കരുനാഗപ്പള്ളി സി.പി.എമ്മിലെ വിഭാഗീയത പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കാരണം കാണിക്കൽ നോട്ടീസുകൾ നൽകിത്തുടങ്ങി. ഇന്നലെ വിവിധ ലോക്കൽ കമ്മിറ്റികൾ വിളിച്ചുചേർത്താണ് വിഭാഗീയതയിലും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കുണ്ടെന്ന് അഡ്ഹോക്ക് കമ്മിറ്റി കണ്ടെത്തിയവർക്ക് നോട്ടീസ് നൽകിയത്.

കുലശേഖരപുരം, കുലശേഖരപുരം നോർത്ത്, കല്ലേലിഭാഗം, തൊടിയൂർ, ആലപ്പാട് നോർത്ത് എന്നീ ലോക്കൽ കമ്മിറ്റികളാണ് ഇന്നലെ ചേർന്നത്. ലോക്കൽ സമ്മേളനത്തിൽ ചേരിതിരിഞ്ഞ് പോർവിളി നടത്തുകയും സമ്മേളന നടപടികൾ നിയന്ത്രിക്കാൻ എത്തിയ സംസ്ഥാനകമ്മിറ്റി അംഗങ്ങളെ സമ്മേളന ഹാളിൽ പൂട്ടിയിട്ടതുൾപ്പടെ ഗുരുതര അച്ചടക്കലംഘനം നടത്തിയ കുലശേഖരപുരത്ത് രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഏതാനും ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പടെ 17 പേർക്ക് നോട്ടീസ് നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ പി.ഉണ്ണി, ഏരിയാ കമ്മിറ്റി അംഗം മറ്റത്ത് രാജൻ എന്നിവർക്ക് സമ്മേളനത്തോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത കുറവുണ്ടായതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടും കത്ത് നൽകി.

13-ാം തീയതിയ്ക്കുള്ളിൽ വിശദീകരണം നൽകണം. നാല് മണിക്ക് ലോക്കൽ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബന്ധപ്പെട്ട ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെയും വിളിച്ചു വരുത്തി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹൻ മുൻകൂർ തയ്യാറാക്കി കൊണ്ടുവന്ന കത്ത് നൽകുകയായിരുന്നു. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർമാരായ പുത്തലത്ത് ദിനേശൻ, മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൂടിയ ജില്ലാ കമ്മിറ്റി തീരുമാനപ്രകാരമാണ് വിശദീകരണം ആവശ്യപ്പെടുന്നത്.

ആലപ്പാട്, തൊടിയൂർ, കല്ലേലിഭാഗം എന്നിവിടങ്ങളിലും ഇതുപോലുള്ള വിശദീകരണങ്ങൾ ചോദിച്ചിട്ടുണ്ട്. ക്ലാപ്പന വെസ്റ്റിലും മറ്റ് കമ്മിറ്റികൾക്കൊപ്പം ലോക്കൽ കമ്മിറ്റി ചേരാൻ ജില്ലാ കമ്മിറ്റി നിശ്ചയിച്ചെങ്കിലും ഇന്ന് വൈകിട്ട് 6ന് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേരാനാണ് കമ്മിറ്റി വിളിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ്. ഏണസ്റ്റാണ് ഇന്ന് ക്ലാപ്പന വെസ്റ്റിലെ യോഗത്തിൽ പങ്കെടുക്കുന്നത്.